Saturday, September 24, 2016

വല്യുപ്പ


പള്ളികളിൽ നിന്നും ഓരോ ബാങ്ക് വിളി കേൾക്കുമ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്ന ചിലരുണ്ട് . താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും ആദ്യം വരുന്നത് . ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്‌. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്. മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത്‌ . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍ മിഠായികള്‍ക്കുള്ളതാണ് അത് .

ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത്‌ റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവുമുണ്ട് . ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്‌. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക്.

No comments:

Post a Comment