Saturday, September 24, 2016

ഒരു മഞ്ഞുകാലത്തോളം ദൂരം


വിജനമായ റോഡരികിൽ നട്ടുച്ച നേരത്ത് ഒറ്റക്കിരിക്കുന്നൊരു മൂത്ത വട്ടുണ്ടെനിക്ക് . കാടിനെ പിളർത്തി വളഞ്ഞും പിരിഞ്ഞും നീണ്ടുപോകുന്ന പാതകൾ ഏറ്റവും നിഗൂഢമായി തോന്നുന്ന സമയമാണ് നട്ടുച്ച നേരം . ആ നിഗൂഢത തന്നെയാണ് അതിന്‍റെ ഭംഗിയും .
കാടും റോഡും നിശബ്ദമാകുന്ന അത്തരം സമയങ്ങളിൽ സംഭവിക്കുന്നൊരു ധ്യാനമുണ്ട്, വരികളാക്കി ഇവിടെ പതിപ്പിക്കാൻ കഴിയുന്നതിനും നിർവചനങ്ങൾക്കും അപ്പുറത്തുള്ള ഒന്ന് . 

അറ്റം കാണാതെ നീണ്ടു പോകുന്ന പാതകളും നിബിഢ വനങ്ങളും പ്രലോഭനത്തിന്‍റെ അങ്ങേയറ്റമാണ് . കാടിനോളം മാദകമായി ക്ഷണിക്കുന്ന മറ്റൊന്നില്ല . അതിനോളം ലഹരി മറ്റൊന്നിനും നൽകാനുമാവില്ല. വിജനമായി നീളുന്ന നിരത്തുകള്‍ മറ്റൊരു ദർശനമാണ് . ലക്ഷ്യമില്ലാതെ നടക്കാൻ പ്രേരിപ്പിക്കുന്നൊരു ഭ്രാന്തൻ അഭിനിവേശമാണത് .

ഷോളയാർ ഡാമും പരിസരവും ഇങ്ങനെ വിജനമായി മുമ്പ് കണ്ടിട്ടില്ല . മൂപ്പെത്താത്ത ഉച്ചവെയിലിൽ ഇറങ്ങി നടന്നു . ഭാരമില്ലാത്തൊരു മനുഷ്യനായി മാറിയ നിമിഷങ്ങളിലൂടെ . ഇലകളും ചെടികളും കാടുമല്ലാതെ ഒന്നിനേയും കാണുന്നില്ല , ഇവയോടല്ലാതെ ഒന്നിനോടും സംസാരിക്കാനുമില്ല . കാടിനുള്ളിൽ നിന്നും പമ്മി പതുങ്ങി വന്നൊരു കാറ്റ് ശരീരം തണുപ്പിച്ചു, മനസ്സും . ഒരു കോടി പ്രണയം മനസ്സില് നിറച്ചിട്ടാണ് ഓരോ കാറ്റും മഴയും പടിയിറങ്ങി പോകുന്നത്.

നടന്നു കൊണ്ടേയിരിക്കുകയാണ്, നട്ടുച്ചയുടെ പച്ചപ്പിലൂടെ . കാടുകളും പാതകളും സംസാരിക്കുന്നത്രയും ഹൃദ്യമായി എന്നോടാരും മിണ്ടിയിട്ടില്ല . അതിനോളം മനോഹരമായ ഒരു പാട്ടും ഞാൻ കേട്ടിട്ടില്ല . ഓരോ മൈൽക്കുറ്റികൾക്കിടയിലും സ്വപ്‌നങ്ങൾ അടയാളപ്പെടുത്തുന്ന പാതകൾ . അതിങ്ങിനെ നീണ്ടുപോകുകയാണ്, ദേശാന്തരങ്ങളും കടന്ന് ഒരു മഞ്ഞുകാലത്തോളം ദൂരം..

No comments:

Post a Comment