Wednesday, May 26, 2021

ബാഗ്ദാദ് എത്ര അടുത്താണിപ്പോൾ...!

പള്ളിയുടെ മുകളിലായിരുന്നു അന്ന് ദർസ്സ്‌ നടന്നിരുന്നത്. ഒരു നാല്പത് വാട്ട് ബൾബിന്റെ കീഴിലെ ലോകം. മിക്കസമയത്തും കറന്റ് പോവും. അപ്പോൾ മരക്കാർ മൊല്ലാക്ക ഒരു ചിമ്മിനി വിളക്കുമായി കിതച്ചുകൊണ്ട്
കോണിപ്പടികൾ കയറിവരും. ആ വട്ടത്തിലിരുന്ന് ഓതുന്ന കുട്ടികളിൽ എന്റെ കിത്താബ്‌ മാത്രം പേജുകൾ മറിയാതെ മലർന്നിരിക്കും. ഉസ്താദിന് ചുറ്റുമിരിക്കുന്ന ഇരുപതോളം കുട്ടികളിൽ ഞാൻ എന്നെമാത്രം ഒറ്റക്കിരുത്തും. അവരിൽ നിന്നും ഒറ്റപ്പെടാൻ എനിക്കെളുപ്പമായിരുന്നു.
മങ്ങിയ വെട്ടത്തിൽ പള്ളിയുടെ മുകൾത്തട്ടിന് പ്രത്യേക ഭംഗിയാണ്. ആ വെളിച്ചമാണ് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. മിനാരങ്ങൾക്കിടയിൽനിന്നും ജിന്നുകളിറങ്ങിവന്ന് എനിക്ക് കഥകൾ പറഞ്ഞുതരും. മഗ്‌രിബിനും ഇശാക്കും ഇടയിലുള്ള സമയങ്ങളിൽ ഞാനവരുടെ ചുമലിൽകയറി യാത്രപോകും. ബാഗ്ദാദിൽ, ലിബിയയിൽ, മദീനാ മുനവ്വറയിൽ. കോട്ടകൊത്തളങ്ങളിൽ, യൂഫ്രട്ടീസിനും ടൈഗ്രിസിനും അടുത്ത് വരേ, അതിനടുത്താണത്രെ ഏദൻ തോട്ടം. അങ്ങനെ ഏതെല്ലാം കഥകൾ ഓർമ്മകളിൽ തങ്ങി നിൽക്കുന്നുണ്ടോ അവിടെയെല്ലാമെത്തും. മരക്കാർ മൊല്ലാക്ക ഇശാ ബാങ്ക് വിളിക്കുന്നതുവരേ എന്റെ തുറന്നുവെച്ച കിതാബിൽ ഇബ്‌ലീസ് കേറി നിരങ്ങിയിരിക്കണം. (ഉപയോഗിക്കാതെ തുറന്നുവെച്ച ഖുർആനും കിതാബും ഇബ്‌ലീസ് വായിക്കും എന്നാണ് പറയാറുള്ളത്). ഇടക്കിടെ അതെല്ലാം ഓർക്കുന്നതുകൊണ്ടാവാം, ഈയടുത്ത് വീണ്ടും തീവ്രമായി കേറിക്കൂടിയ സ്വപ്നമാണ് ഇറാഖ് കാണണമെന്നത്. ഹാറൂൺ അൽ റഷീദ് ചക്രവർത്തിയുടെ ബാഗ്ദാദിലും ബസ്‌റയിലും ഒരു യുഗം അലഞ്ഞാലും പിന്നേയും ബാക്കിയുണ്ടാവും ചരിത്രം.
മദ്രസയും ദർസും എനിക്കെന്നും പ്രിയപ്പെട്ടതാണ്. ഒരു ചോദ്യത്തിനും ഉത്തരമില്ലാത്ത കുട്ടിയായിരുന്നിട്ടും സ്‌കൂളുകളിൽ പിന്തുടർന്നിരുന്ന ഒരപകർഷതാബോധവും എന്നെയവിടെ വേട്ടയാടിയിട്ടില്ല. പള്ളിയുടെ മുകൾ തട്ടും കടന്ന് പറന്നുപോയിരുന്ന എന്റെ സ്വപ്നങ്ങളിലേക്ക് ഒരു നോട്ടത്തിലൂടെപോലും ഉസ്താദുമാർ എന്തുകൊണ്ടോ കടന്നുകയറിയിട്ടില്ല. ഒരിക്കൽ ഗൂഡല്ലൂർ അടുത്തൊരു ഗ്രാമത്തിലെത്തിപ്പെട്ടു രാത്രി. നല്ല തണുപ്പാണ് പുറത്ത്. പാതി അടഞ്ഞ ഒന്നോരണ്ടോ കടകൾ മാത്രമുള്ളൊരു ഗ്രാമം. രണ്ടുമൂന്നാളുകളിരുന്ന് തീകായുന്നുണ്ട്. കുറച്ചുനേരം അവരോടൊപ്പമിരുന്നു. ഏതോ ഒരു ഗ്രാമം. മുൻപരിചയം ഇല്ലാത്ത മനുഷ്യർ. ആ തണുപ്പിൽ അവർ അവരിരൊളാവാൻ നമ്മളെ ക്ഷണിക്കുന്നു. ആ ചെറിയ തീക്കളത്തിന് മുന്നിൽ അപരിചിതത്വം ഉരുകിപ്പോയി ഒരു സമൂഹമായിത്തീരുന്നു. എനിക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. ചെറിയൊരു പള്ളിയുണ്ടവിടെ. അകത്തുകയറിയപ്പോൾ ഒരു ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിൽ അഞ്ചോ ആറോ കുട്ടികൾ മാത്രമുള്ളൊരു ദർസ്സ് നടക്കുന്നു. എത്തേണ്ട ദൂരവും മറന്ന് ഞാനതും നോക്കി കുറേനേരമിരുന്നു. കിതാബും തുറന്നുവെച്ച് കിനാവു കാണുന്നൊരു കുട്ടി ഉണ്ടായിരിക്കുമോ ആ കൂട്ടത്തിൽ..! എനിക്കവരെയെല്ലാം ഞാനായി തോന്നി. എന്തൊരു ഭംഗിയുള്ള രാത്രിയായിരുന്നു അത്.
ഓരോ യാത്രകളും കാലങ്ങൾക്ക് മുന്നേ കണ്ട കിനാവുകളുടെ വിളവെടുപ്പ് കൂടിയാണ്. ചില വിത്തുകൾ കാലമെടുത്താവും പൂക്കുക. സ്വപ്നം കാണാൻ പറ്റിയിരുന്നില്ലെങ്കിൽ ഇവിടങ്ങളിലേക്കുള്ള ദൂരങ്ങൾ ഇനിയുമെത്ര മൈലുകൾ കൂടിയേനേ. ബാഗ്ദാദ് എത്ര അടുത്താണിപ്പോൾ...!