വീണ്ടും വീണ്ടും ഒരു കടപ്പാട് പോലെ പടികടന്നു ചെല്ലുന്ന ചിലയിടങ്ങളുണ്ട് . നിങ്ങൾ കളിയാക്കുന്ന പോലെ ഒരു ചായയും കുടിച്ച് പൊടി തട്ടി ഇറങ്ങുന്ന ഒന്നല്ല എനിക്കത് . അവിടത്തെ ചായക്കാരനോ പരിസരമോ നമ്മളിൽ കൊളുത്തി ചേർക്കുന്ന പേരറിയാത്തൊരു ഒരാത്മബന്ധമുണ്ട് . വർഷങ്ങൾ കഴിഞ്ഞു ചെന്നാലും ഇന്നലെ ഇറങ്ങിപ്പോന്നത് പോലെ തോന്നുന്ന ഇടങ്ങൾ . പഞ്ചസാരക്കും പാലിനുമപ്പുറം ഒരു ചായയെ സ്നേഹം കൊണ്ട് രുചിയുള്ളതാക്കിയവർ .
കൊന്നാര് കടവിലെ ഈ ചായപ്പീടികയിൽ ഞാൻ പോയിട്ട് നാല് വർഷമായിരുന്നു . അന്നത് നടത്തിയിരുന്നത് ഇണ്ണിമോയി കാക്കയായിരുന്നു . ചൂട് ചായയും കുടിച്ചിരുന്നൊരു ഓഫീസ് സായാഹ്നത്തിൽ ചാറ്റ് ബോക്സിലൊരു മെസേജ് വന്നു . ഇണ്ണിമോയി കാക്ക മരിച്ചൂന്ന് . കയ്യിലെ ചായ തണുത്തുപോയി . എത്രയെത്ര വൈന്നേരങ്ങളിൽ ഈ കടവിലെ ഇതേ ബെഞ്ചിലിരുന്ന് ഇണ്ണിമോയി കാക്ക ഒഴിച്ച് തന്ന ചായ കുടിച്ചിരിക്കുന്നു .
നാല് വർഷത്തിന് ശേഷം വീണ്ടും അതേ കടയിലേക്ക് , ഒരു തേയ്മാനവും പറ്റാത്ത ആ ഒറ്റയടിപാതയിലൂടെ ഞങ്ങൾ നടന്നെത്തി . ഹാജിക്ക മുതൽ ഇണ്ണിമോയി കാക്ക വരേ ഈ മക്കാനിയിൽ ചൂട് ചായ പകർന്നവർ ചൂടുള്ള ഓർമ്മയായി മനസ്സിൽ തെളിഞ്ഞു . ഇപ്പോഴത് നടത്തുന്നത് അബോക്കറാണ് . ഇണ്ണിമോയികാക്കയുടെ മകൻ . നട്ടുച്ചക്ക് അടച്ച മക്കാനിയിലെ അടുപ്പ് വീണ്ടും ഊതിക്കത്തിച്ച് അബോക്കർ ഞങ്ങൾക്ക് ചായ തിളപ്പിച്ച് തന്നു . നാടൻ മൈസൂർ പാക്കും കടല ബിസ്കറ്റും എരിവുള്ള മിക്ച്ചറും വേറേ പ്ളേറ്റിൽ വന്നു . കഴിഞ്ഞ തവണ വന്നപ്പോൾ ഒഴിഞ്ഞ ഭരണികൾ നോക്കി " മിക്ച്ചർ മാത്രേള്ളൂ കുട്ട്യോളേ" എന്ന് പറഞ്ഞിരുന്നു ഇണ്ണിമോയികാക്ക . അബോക്കർ കൊണ്ടുവെച്ച മിക്ച്ചറിലെ കടലമണികൾ പെറുക്കി തിന്നുമ്പോൾ അതൊക്കെ മനസ്സിൽ തികട്ടി വന്നു . ഇവരൊക്കെ ജീവിതത്തിൽ നിന്നുമാത്രമേ അകലുന്നുള്ളൂ . പക്ഷേ അവരോടൊക്കെ സംസാരിച്ച ഏതാനും നിമിഷങ്ങൾ ഉണ്ടല്ലോ . ഒരുക്കൂട്ടി വെച്ച സ്നേഹത്തിന്റെ മുത്തുമണികൾ ആണതെല്ലാം .
തൊട്ടരികിൽ ചാലിയാർ നിശബ്ദമായി ഒഴുകുന്നു . ഹാജിക്കയെ , ഇണ്ണിമോയി കാക്കയെ അങ്ങിനെ തീരം നിറഞ്ഞുനിന്ന മുഖങ്ങളെ പെട്ടൊന്ന് കാണാതായപ്പോൾ പതറിപോയിരിക്കണം ചാലിയാറിലെ ഒഴുക്കും . ചാലിയാർകാറ്റ് ചിലപ്പോൾ ശോകത്തിന്റെ ഇശലുകളും മൂളാറുണ്ട് .

No comments:
Post a Comment