Saturday, September 24, 2016

വീട്ടിലേക്കുള്ള വഴി



വീണും എണീറ്റും നടന്നു പഠിച്ച വഴികൾ . 
വീട്ടിലേക്കുള്ള വഴി . 
പച്ചയുടെ മണമാണ് നിറയെ .
ഒരു ഓർമ്മപ്പെടുത്തൽ പോലെ കമ്മ്യൂണിസ്റ്റ് അപ്പ കണ്ടു . 
ഇപ്പോൾ കാണാറേ ഇല്ല .
അതിന്‍റെ തൂമ്പ് നുള്ളി കൈവെള്ള ചുവപ്പിച്ചു .
ബാല്യത്തിന്‍റെ നിറം .
ഇലകൾ പറിച്ച് മണത്തു .
ബാല്യത്തിന്‍റെ മണം .
ഒരു പേരക്ക മാത്രം കിളി കൊത്താതെ
ബാല്യത്തിന്‍റെ രുചി .
ഒരു ഓലഞ്ഞാലി ചിലച്ചുകൊണ്ട് പാറി .

വഴിയുടെ അറ്റം ഇടവഴിയാണ്. വർഷക്കാലത്ത് കുത്തിയൊലിച്ചു പോകുന്ന മഴവെള്ളം . അതിലൊഴുക്കി വിടുന്ന കളിത്തോണികൾ .
ഒരു തോണി പോലും നേരെ ഒഴുകിയില്ല . മഴത്തുള്ളികൾ അവയെ മത്സരിച്ചു മുക്കി . നോട്ട്ബുക്കിലെ പേജുകൾക്ക് കനം കുറഞ്ഞു വന്നു. കുറേ കാലവും കൂടെ ഒഴുകിപ്പോയി .
ഫോട്ടോയിലേക്ക് നോക്കിയിരിക്കുമ്പോൾ വീണ്ടുമൊരു മഴ പെയ്യുന്നു. ഒരു മഴയിലും തകരാതെ കുറേ ഓർമ്മകളും പേറി ഒരു കടലാസ് തോണി വർഷങ്ങൾക്കപ്പുറത്തേക്ക് ഒഴുകുന്നു .
ഒഴുകിയൊഴുകി അത് ഓർമ്മകളുടെ മറുവശത്തെത്തുമ്പോൾ
കയ്യിലൊരു ആഴ്ച്ചപതിപ്പും പിടിച്ച് ഉപ്പ നടന്നു വരുന്നത് കാണാം. അതിനുള്ളിൽ മധുരമുള്ളൊരു കഥ പോലെ ചെറിയൊരു പൊതി കാണും . പോപ്പിൻസ്‌ മിഠായി . ഒരു ആഴ്ച്ചപതിപ്പിനുള്ളിലും പോപ്പിൻസിനോളം രുചിയുള്ളൊരു കഥ ഞാൻ വായിച്ചിട്ടില്ല . ഒരു ആഴ്ച്ചപതിപ്പിനും അതിനോളം മനോഹരമായ ഒരു കവർ ചിത്രം ഞാൻ കണ്ടിട്ടില്ല . ആ വരവിനേക്കാളും സന്തോഷം നൽകുന്ന വേറൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല . ഇന്നും ഉപ്പയുടെ ഗന്ധമാണ് ആഴ്ച്ചപതിപ്പുകൾക്ക് .
വഴികൾ ശൂന്യമാകുന്നത്‌ ചിത്രങ്ങളിലാണ് . വഴിക്കണ്ണുകളിളല്ല .
പെയ്യുമെന്ന് മോഹിപ്പിച്ച മഴ മേഘങ്ങൾ ഇന്നും പെയ്തില്ല . പക്ഷേ മനസ്സിൽ പെയ്തു . ഈ വഴികളിലും പെയ്തു .

No comments:

Post a Comment