Saturday, September 24, 2016

ബാക്കിയാവുന്ന ചിലത്


നീണ്ടുപോകുന്ന രാത്രിയാത്രകൾ . കണ്ണ് തുറന്നു നോക്കുമ്പോൾ പുലർക്കാലത്ത് ഇഴഞ്ഞെത്തുന്നൊരു ഒരു ഗ്രാമം കാണാം . നിറയെ മഞ്ഞ് മൂടിയ ഒരു കാടിന്‍റെ അതിർത്തി . അല്ലെങ്കിലൊരു ഹിൽ സ്റ്റേഷൻ . വിളക്കുകാലിൽ മങ്ങിയ വെളിച്ചത്തിൽ ഇനിയും കെടാതെ കത്തുന്നൊരു ബൾബ് . സഞ്ചാരികളിൽ ഒരു സ്ഥലത്തെ പറ്റി അവശേഷിപ്പിക്കുന്ന ഓർമ്മ ചിത്രങ്ങളിൽ ഒരു ബിംബമായി നിൽക്കണം എന്നതിൽ കവിഞ്ഞൊരു നിയോഗം അതിനുമുണ്ടാവില്ല . ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാൻ കുപ്പിയിലെ വെള്ളമെടുത്ത് മുഖം കഴുകി , വഴിയരികിൽ കാണുന്ന ചായക്കടയിലേക്ക് കയറി ചൂടുള്ളൊരു സുലൈമാനി . ഇത്തരം അനുഭവം ബാക്കിയാവാത്ത എത്ര സഞ്ചാരികൾ കാണും നമുക്കിടയിൽ ..?
ഞാൻ വീണ്ടും വീരനഹോസ ഹള്ളിയിൽ തന്നെ ചുറ്റി തിരിയുകയാണ് . അദൃശ്യമായ ഏതോ ഒരു വികാരം മനസ്സിനെ ഈ ഗ്രാമത്തിൽ തളച്ചിടുന്നു . അതൊരുപക്ഷേ ഈ മഞ്ഞുമൂടിയ പ്രഭാതമാവാം , അല്ലെങ്കിൽ അതിര് പങ്കിടുന്ന പുകയിലപ്പാടങ്ങളാവാം . സമോവറിൽ ചൂടാവുന്ന ചായയിലേക്ക് നോക്കി നെടുവീർപ്പിട്ടു . പിന്നെ നോട്ടം ഇനിയും വെളിച്ചം വന്നു വീണിട്ടില്ലാത്ത പകലുകളിലേക്ക് നീട്ടിയെറിഞ്ഞു.
മജീദ്ക്ക ചായ കൊണ്ട് വന്നു . ചായയുടെ രുചി അത് കുടിക്കുന്ന സ്ഥലത്തി ഭംഗിയും അതുണ്ടാക്കുന്നവരുടെ മനസ്സും കൂടി ചേർന്നതാണ് . മജീദ്ക്കയെ പറ്റി ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു . അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ട് മജീദ്ക്ക പറഞ്ഞൊരു കുടിയേറ്റത്തിന്‍റെ കഥ. ഓരോ കുടിയേറ്റത്തിന്‍റെ പിന്നിലും അതിജീവനത്തിന്‍റെ കഥകൾ കാണും . മണ്ണിനോടും മലകളോടും കാറ്റിനോടും മൃഗങ്ങളോടും പൊരുതി ഒരു ജീവിതം തളിർപ്പിക്കുന്നതിന്‍റെ കഥ . വേരുറച്ച മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്ന ജീവിതങ്ങൾ മറ്റൊരു ഭൂമികയിലേക്ക് നട്ടു പിടിപ്പിക്കുമ്പോഴും ആ വേരിൽ ബാക്കിയായ ഒരു പിടി സ്വന്തം മണ്ണ് അവരെ തിരിച്ചു പോവാൻ പ്രലോഭിപ്പിക്കുന്നുണ്ടാവണം . എട്ട് വർഷമായി മജീദ്ക്കയുടേയും കുടുംബത്തിന്‍റെയും ലോകം കാടിന്‍റെ അതിർത്തിയിലുള്ള ഈ ഗ്രാമമാണ് . നാഗറോള കാടുകളുടെ വന്യതയിലേക്ക് ചൂഴ്ന്നിറങ്ങാൻ ഇതുവഴി വരുന്ന ഓരോ സഞ്ചാരിയും കുടിക്കുന്ന ചായയിലും തിരിച്ച് നാട് പിടിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്‍റെ സ്വപ്‌നങ്ങൾ കൂടി കലർന്നിട്ടുണ്ട് .
ചിലർ രുചികൊണ്ട് യാത്രക്കാരുടെ സ്നേഹം പിടിച്ചു പറ്റിയവരാണ് . വയനാട്ടിലെ കുട്ടേട്ടനേയും ഇവിടെ ഓർക്കാതെ പോവാനാവില്ല . അതും ഒരു പറിച്ചു നടൽ തന്നെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് . മലപ്പുറത്ത്‌ നിന്നും . സഞ്ചാരികളുടെ റൂട്ട് മാപ്പിൽ കുട്ടേട്ടന്‍റെ ഉണ്ണിയപ്പം എന്ന് കൂടി എഴുതി ചേർക്കുന്നതിൽ തന്നെ ആ രുചിയുടെ ചരിത്രമുണ്ട് . വായിൽ ഉണ്ണിയപ്പത്തിന്‍റെ മറക്കാത്ത രുചി ബാക്കിയാക്കി കുട്ടേട്ടനും ഒരു യാത്ര പോയി . ചിലർ അടയാളങ്ങൾ ബാക്കിവെച്ച് മറഞ്ഞു പോകുന്നവരാണ് . ഇപ്പോൾ മകൻ നടത്തുന്നു എന്ന് കേട്ടു . രുചിയുടെ കൈപ്പുണ്ണ്യം മകനും കിട്ടിക്കാണണം .
ഇങ്ങിനെ ചിലരെ ഇനിയും കണ്ടുമുട്ടും, ജീവിതയാത്രയില്‍ പലയിടത്തായി. വേറെ രൂപത്തിലും ഭാവത്തിലും അവർ പുനർജ്ജനിക്കും ഇതേ സ്നേഹത്തോടെ, ഏതെങ്കിലുമൊരു ദിക്കില്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവണം. ഈ മനുഷ്യർ , ഇവരുടെ സ്നേഹം , വഴിയമ്പലങ്ങളിൽ പരിചയപ്പെടുന്ന വെറും മനുഷ്യർ മാത്രമല്ലവർ . ഒരു നോട്ടത്തിലൂടെ , വാക്കിലൂടെ നമ്മുടെ ആരെല്ലാമോ ആയി തീരുന്നവരാണ് . ഇതെല്ലാം യാത്രയിൽ പതിക്കുന്ന സ്നേഹത്തിന്‍റെ കയ്യൊപ്പുകളാണ് . യാത്രകൾ വെറും പുറം കാഴ്ചകൾ മാത്രമല്ല, അത് മണ്ണിനെയും മനുഷ്യനേയും അറിയാനുള്ളത് കൂടിയാണ് .
ഈ ഇടത്താവളം വിടാൻ സമയമായി . കുദ്രെമുഖിലെ കവിത പോലുള്ള മലനിരകൾ ഞങ്ങളെ കാത്തിരിക്കുകയാണ് . മഞ്ഞ് പെയ്തു കൊണ്ടേയിരിക്കുന്നു . മരങ്ങളും . മഞ്ഞുപാളികൾക്കിടയിലൂടെ ചിതറി വരുന്ന വിളക്കുകാലിലെ മഞ്ഞവെളിച്ചം ഗ്രാമത്തിന് ഫെയറി ടെയിലുകളിൽ വായിച്ച മായിക ലോകത്തിന്‍റെ പ്രതീതി നൽകി . ചായക്കടയിലെ ഇളകിയാടുന്ന മരബെഞ്ചിൽ നിന്നും എണീക്കുമ്പോൾ മനസ്സ് പിടിച്ചു വലിക്കുന്ന പോലെ . ചിലത് അങ്ങിനെയാണ് . അല്ലെങ്കിൽ പ്രത്യേകിച്ചൊന്നും ഒന്നും എടുത്ത് പറയാനില്ലാത്ത ഈ കാടതിർത്തി എന്നെ വീണ്ടും വീണ്ടും ഇങ്ങിനെ തിരിച്ചു വിളിക്കുന്നതെന്തുകൊണ്ടാണ് .?

No comments:

Post a Comment