Wednesday, May 26, 2021

ബാഗ്ദാദ് എത്ര അടുത്താണിപ്പോൾ...!

പള്ളിയുടെ മുകളിലായിരുന്നു അന്ന് ദർസ്സ്‌ നടന്നിരുന്നത്. ഒരു നാല്പത് വാട്ട് ബൾബിന്റെ കീഴിലെ ലോകം. മിക്കസമയത്തും കറന്റ് പോവും. അപ്പോൾ മരക്കാർ മൊല്ലാക്ക ഒരു ചിമ്മിനി വിളക്കുമായി കിതച്ചുകൊണ്ട്
കോണിപ്പടികൾ കയറിവരും. ആ വട്ടത്തിലിരുന്ന് ഓതുന്ന കുട്ടികളിൽ എന്റെ കിത്താബ്‌ മാത്രം പേജുകൾ മറിയാതെ മലർന്നിരിക്കും. ഉസ്താദിന് ചുറ്റുമിരിക്കുന്ന ഇരുപതോളം കുട്ടികളിൽ ഞാൻ എന്നെമാത്രം ഒറ്റക്കിരുത്തും. അവരിൽ നിന്നും ഒറ്റപ്പെടാൻ എനിക്കെളുപ്പമായിരുന്നു.
മങ്ങിയ വെട്ടത്തിൽ പള്ളിയുടെ മുകൾത്തട്ടിന് പ്രത്യേക ഭംഗിയാണ്. ആ വെളിച്ചമാണ് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. മിനാരങ്ങൾക്കിടയിൽനിന്നും ജിന്നുകളിറങ്ങിവന്ന് എനിക്ക് കഥകൾ പറഞ്ഞുതരും. മഗ്‌രിബിനും ഇശാക്കും ഇടയിലുള്ള സമയങ്ങളിൽ ഞാനവരുടെ ചുമലിൽകയറി യാത്രപോകും. ബാഗ്ദാദിൽ, ലിബിയയിൽ, മദീനാ മുനവ്വറയിൽ. കോട്ടകൊത്തളങ്ങളിൽ, യൂഫ്രട്ടീസിനും ടൈഗ്രിസിനും അടുത്ത് വരേ, അതിനടുത്താണത്രെ ഏദൻ തോട്ടം. അങ്ങനെ ഏതെല്ലാം കഥകൾ ഓർമ്മകളിൽ തങ്ങി നിൽക്കുന്നുണ്ടോ അവിടെയെല്ലാമെത്തും. മരക്കാർ മൊല്ലാക്ക ഇശാ ബാങ്ക് വിളിക്കുന്നതുവരേ എന്റെ തുറന്നുവെച്ച കിതാബിൽ ഇബ്‌ലീസ് കേറി നിരങ്ങിയിരിക്കണം. (ഉപയോഗിക്കാതെ തുറന്നുവെച്ച ഖുർആനും കിതാബും ഇബ്‌ലീസ് വായിക്കും എന്നാണ് പറയാറുള്ളത്). ഇടക്കിടെ അതെല്ലാം ഓർക്കുന്നതുകൊണ്ടാവാം, ഈയടുത്ത് വീണ്ടും തീവ്രമായി കേറിക്കൂടിയ സ്വപ്നമാണ് ഇറാഖ് കാണണമെന്നത്. ഹാറൂൺ അൽ റഷീദ് ചക്രവർത്തിയുടെ ബാഗ്ദാദിലും ബസ്‌റയിലും ഒരു യുഗം അലഞ്ഞാലും പിന്നേയും ബാക്കിയുണ്ടാവും ചരിത്രം.
മദ്രസയും ദർസും എനിക്കെന്നും പ്രിയപ്പെട്ടതാണ്. ഒരു ചോദ്യത്തിനും ഉത്തരമില്ലാത്ത കുട്ടിയായിരുന്നിട്ടും സ്‌കൂളുകളിൽ പിന്തുടർന്നിരുന്ന ഒരപകർഷതാബോധവും എന്നെയവിടെ വേട്ടയാടിയിട്ടില്ല. പള്ളിയുടെ മുകൾ തട്ടും കടന്ന് പറന്നുപോയിരുന്ന എന്റെ സ്വപ്നങ്ങളിലേക്ക് ഒരു നോട്ടത്തിലൂടെപോലും ഉസ്താദുമാർ എന്തുകൊണ്ടോ കടന്നുകയറിയിട്ടില്ല. ഒരിക്കൽ ഗൂഡല്ലൂർ അടുത്തൊരു ഗ്രാമത്തിലെത്തിപ്പെട്ടു രാത്രി. നല്ല തണുപ്പാണ് പുറത്ത്. പാതി അടഞ്ഞ ഒന്നോരണ്ടോ കടകൾ മാത്രമുള്ളൊരു ഗ്രാമം. രണ്ടുമൂന്നാളുകളിരുന്ന് തീകായുന്നുണ്ട്. കുറച്ചുനേരം അവരോടൊപ്പമിരുന്നു. ഏതോ ഒരു ഗ്രാമം. മുൻപരിചയം ഇല്ലാത്ത മനുഷ്യർ. ആ തണുപ്പിൽ അവർ അവരിരൊളാവാൻ നമ്മളെ ക്ഷണിക്കുന്നു. ആ ചെറിയ തീക്കളത്തിന് മുന്നിൽ അപരിചിതത്വം ഉരുകിപ്പോയി ഒരു സമൂഹമായിത്തീരുന്നു. എനിക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. ചെറിയൊരു പള്ളിയുണ്ടവിടെ. അകത്തുകയറിയപ്പോൾ ഒരു ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിൽ അഞ്ചോ ആറോ കുട്ടികൾ മാത്രമുള്ളൊരു ദർസ്സ് നടക്കുന്നു. എത്തേണ്ട ദൂരവും മറന്ന് ഞാനതും നോക്കി കുറേനേരമിരുന്നു. കിതാബും തുറന്നുവെച്ച് കിനാവു കാണുന്നൊരു കുട്ടി ഉണ്ടായിരിക്കുമോ ആ കൂട്ടത്തിൽ..! എനിക്കവരെയെല്ലാം ഞാനായി തോന്നി. എന്തൊരു ഭംഗിയുള്ള രാത്രിയായിരുന്നു അത്.
ഓരോ യാത്രകളും കാലങ്ങൾക്ക് മുന്നേ കണ്ട കിനാവുകളുടെ വിളവെടുപ്പ് കൂടിയാണ്. ചില വിത്തുകൾ കാലമെടുത്താവും പൂക്കുക. സ്വപ്നം കാണാൻ പറ്റിയിരുന്നില്ലെങ്കിൽ ഇവിടങ്ങളിലേക്കുള്ള ദൂരങ്ങൾ ഇനിയുമെത്ര മൈലുകൾ കൂടിയേനേ. ബാഗ്ദാദ് എത്ര അടുത്താണിപ്പോൾ...!

Tuesday, September 27, 2016

കാട്ടുപച്ച



അലസത പെയ്യുന്ന വൈകുന്നേരങ്ങളോട് മിണ്ടിയും പറഞ്ഞുമിരിക്കണമിവിടെ . 
കാറ്റിലൊഴുകിവരുന്ന കാട്ടുപച്ചയുടെ മണമുണ്ട് .
അരികിൽ തൊട്ടുകൂട്ടാനൊരു കാടും . 
വെയിലൊന്ന് മാറിയാൽ ഒളിഞ്ഞുകയറാൻ തക്കം പാർത്തിരിക്കുന്നൊരു ഇരുട്ടുണ്ട് .
ഇരുന്ന് മടുക്കുമ്പോൾ ഒഴുകിനടക്കാനൊരു ഒറ്റയടി പാതയുണ്ട് .
പാതയുടെ അറ്റത്ത് തപസ്സിരിക്കുന്ന കുറെ വൻ മരങ്ങളുമുണ്ട് .
ഇരുവശവും കുണുങ്ങിനില്‍ക്കുന്ന ലെന്റാനപ്പൂക്കളുണ്ട് . 

കിളികളും പൂമ്പാറ്റകളും കാട്ടുപ്പൂക്കളുമുണ്ട്
പിന്നെ മഞ്ഞുകണികകളും പുതച്ച് കാത്തിരിക്കുന്നൊരു പുലർക്കാലവുമുണ്ട് .

(കബിനിയിലെ ഒരു ഫോറസ്റ്റ് ക്വോർട്ടേഴ്‌സാണ് )

Saturday, September 24, 2016

വല്യുപ്പ


പള്ളികളിൽ നിന്നും ഓരോ ബാങ്ക് വിളി കേൾക്കുമ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്ന ചിലരുണ്ട് . താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും ആദ്യം വരുന്നത് . ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്‌. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്. മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത്‌ . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍ മിഠായികള്‍ക്കുള്ളതാണ് അത് .

ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത്‌ റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവുമുണ്ട് . ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്‌. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക്.

വീട്ടിലേക്കുള്ള വഴി



വീണും എണീറ്റും നടന്നു പഠിച്ച വഴികൾ . 
വീട്ടിലേക്കുള്ള വഴി . 
പച്ചയുടെ മണമാണ് നിറയെ .
ഒരു ഓർമ്മപ്പെടുത്തൽ പോലെ കമ്മ്യൂണിസ്റ്റ് അപ്പ കണ്ടു . 
ഇപ്പോൾ കാണാറേ ഇല്ല .
അതിന്‍റെ തൂമ്പ് നുള്ളി കൈവെള്ള ചുവപ്പിച്ചു .
ബാല്യത്തിന്‍റെ നിറം .
ഇലകൾ പറിച്ച് മണത്തു .
ബാല്യത്തിന്‍റെ മണം .
ഒരു പേരക്ക മാത്രം കിളി കൊത്താതെ
ബാല്യത്തിന്‍റെ രുചി .
ഒരു ഓലഞ്ഞാലി ചിലച്ചുകൊണ്ട് പാറി .

വഴിയുടെ അറ്റം ഇടവഴിയാണ്. വർഷക്കാലത്ത് കുത്തിയൊലിച്ചു പോകുന്ന മഴവെള്ളം . അതിലൊഴുക്കി വിടുന്ന കളിത്തോണികൾ .
ഒരു തോണി പോലും നേരെ ഒഴുകിയില്ല . മഴത്തുള്ളികൾ അവയെ മത്സരിച്ചു മുക്കി . നോട്ട്ബുക്കിലെ പേജുകൾക്ക് കനം കുറഞ്ഞു വന്നു. കുറേ കാലവും കൂടെ ഒഴുകിപ്പോയി .
ഫോട്ടോയിലേക്ക് നോക്കിയിരിക്കുമ്പോൾ വീണ്ടുമൊരു മഴ പെയ്യുന്നു. ഒരു മഴയിലും തകരാതെ കുറേ ഓർമ്മകളും പേറി ഒരു കടലാസ് തോണി വർഷങ്ങൾക്കപ്പുറത്തേക്ക് ഒഴുകുന്നു .
ഒഴുകിയൊഴുകി അത് ഓർമ്മകളുടെ മറുവശത്തെത്തുമ്പോൾ
കയ്യിലൊരു ആഴ്ച്ചപതിപ്പും പിടിച്ച് ഉപ്പ നടന്നു വരുന്നത് കാണാം. അതിനുള്ളിൽ മധുരമുള്ളൊരു കഥ പോലെ ചെറിയൊരു പൊതി കാണും . പോപ്പിൻസ്‌ മിഠായി . ഒരു ആഴ്ച്ചപതിപ്പിനുള്ളിലും പോപ്പിൻസിനോളം രുചിയുള്ളൊരു കഥ ഞാൻ വായിച്ചിട്ടില്ല . ഒരു ആഴ്ച്ചപതിപ്പിനും അതിനോളം മനോഹരമായ ഒരു കവർ ചിത്രം ഞാൻ കണ്ടിട്ടില്ല . ആ വരവിനേക്കാളും സന്തോഷം നൽകുന്ന വേറൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല . ഇന്നും ഉപ്പയുടെ ഗന്ധമാണ് ആഴ്ച്ചപതിപ്പുകൾക്ക് .
വഴികൾ ശൂന്യമാകുന്നത്‌ ചിത്രങ്ങളിലാണ് . വഴിക്കണ്ണുകളിളല്ല .
പെയ്യുമെന്ന് മോഹിപ്പിച്ച മഴ മേഘങ്ങൾ ഇന്നും പെയ്തില്ല . പക്ഷേ മനസ്സിൽ പെയ്തു . ഈ വഴികളിലും പെയ്തു .

ഹരാഹിരി



ഹരാഹിരി ഒരു പ്രാധാന്യവുമുള്ള സ്ഥലമല്ല . കബിനി മൈസൂർ റോഡിലെ ചെറിയൊരു ഗ്രാമം . ദീർഘയാത്രകളിൽ ഇതുപോലുള്ള സ്ഥലങ്ങളിൽ ഇറങ്ങി വിശ്രമിക്കുന്നത് ഇഷ്ടമുള്ളൊരു കാര്യമാണ് .
ഇത്തരം ഗ്രാമങ്ങളുടെ ഓരത്തിരുന്ന് ഹൈവേകളിലേക്ക് നോക്കിയിരുന്നിട്ടുണ്ടോ നിങ്ങൾ ..? ഒരനുഭവമാണത് . രണ്ടു ദിക്കിലേക്ക് യാത്ര ചെയ്യുന്നവർ . അതിൽ സഞ്ചാരികളെ മാത്രം നിങ്ങൾക്ക് തിരഞ്ഞുപിടിക്കാനാവും. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെ ഭാണ്ഡം കാണാം . അലസമായ മുഖത്ത് ഇനിയും കണ്ടു തീരാത്ത സ്ഥലങ്ങളുടെ ഭൂപടങ്ങൾ കാണാം . ഒരു നിമിഷത്തേക്ക് നമ്മൾ അവരിലൊരാളാവും . ദൂരങ്ങൾ പിന്നിടാനുള്ളൊരു ബസ്സിലെ സൈഡ് സീറ്റിൽ നമ്മളിരിക്കും . ചുറ്റും യാത്രാസ്വപ്നങ്ങളുടെ നിലാവ് പരക്കും .
ഹരാഹിരി എന്ന ഈ കൊച്ചുഗ്രാമത്തിലെ ബെഞ്ചിലിരുന്ന് ഈ ഹൈവേകളിലേക്ക് ഞാനും കുറച്ച് പുതിയ യാത്രയുടെ വിത്തുകളെറിഞ്ഞിട്ടുണ്ട് . നനച്ചും ലാളിച്ചും അത് മുളച്ചൊരു യാത്രാമരമാവുന്നതും നോക്കി ഇരിക്കുന്നുണ്ട് .

ഒറ്റമുറിത്താവളങ്ങൾ



ഇതുപോലെ ചില ഒറ്റമുറിത്താവളങ്ങളിൽ അന്തിയുറങ്ങിയിട്ടുണ്ടോ...? 
അതിനായി മാത്രം വയനാടൻ ചുരം കയറിയിട്ടുണ്ട് പലതവണ 
മഞ്ഞ് പുതച്ചുറങ്ങുന്ന രാത്രികൾക്കുവേണ്ടി .
മഞ്ഞിലേക്ക് തന്നെ ഇറങ്ങുന്ന പുലരികൾക്ക് വേണ്ടി . 
തേയില തൊഴിലാളികളുടെ പാടി എന്ന് വിളിക്കുന്ന കോർട്ടേഴ്സുകളിൽ. ചെറിയ സ്വപ്‌നങ്ങൾ ഉള്ളവരുടെ വലിയ ലോകത്തിൽ . 

ഏറ്റവും സുന്ദരമായ സ്വപ്‌നങ്ങൾ എന്നെ തേടി വന്ന രാത്രികൾ അതായിരിക്കും . കാട്ടുമുല്ലയുടെ മണമുള്ള അന്തികൾ . ചെമ്പ്രയിലെ കുന്നിൻമുകളിൽ പരന്നുകിടക്കുന്ന തേയില തോട്ടങ്ങൾക്കിടയിലൂടെ ആ സ്വപ്‌നങ്ങൾ ചിതറി തെറിച്ച് പോവും.

നാഗറോള കാടിന്‍റെ അതിർത്തിയിൽ വീരനഹോസ ഹള്ളി എന്ന ഗ്രാമത്തിലെ ഒരു പുലർകാല കാഴ്ചയാണിത് . കഴിഞ്ഞ ഡിസംബറിൽ പകർത്തിയത്. ചിത്രങ്ങളിലൂടേയും യാത്ര പോകുന്ന എന്നെ നാഗറോളയിൽ കോടമഞ്ഞിന്‍റെ ആലസ്യത്തിൽ ഉണരുന്ന ഈ ഒറ്റമുറിതാവളങ്ങൾ വല്ലാതെ പ്രലോഭിപ്പിക്കുന്നു . ആദ്യം സ്വപ്നങ്ങളുടെ ഭാണ്ഡം കെട്ടി പൊതിയട്ടെ .

ബാക്കിയാവുന്ന ചിലത്


നീണ്ടുപോകുന്ന രാത്രിയാത്രകൾ . കണ്ണ് തുറന്നു നോക്കുമ്പോൾ പുലർക്കാലത്ത് ഇഴഞ്ഞെത്തുന്നൊരു ഒരു ഗ്രാമം കാണാം . നിറയെ മഞ്ഞ് മൂടിയ ഒരു കാടിന്‍റെ അതിർത്തി . അല്ലെങ്കിലൊരു ഹിൽ സ്റ്റേഷൻ . വിളക്കുകാലിൽ മങ്ങിയ വെളിച്ചത്തിൽ ഇനിയും കെടാതെ കത്തുന്നൊരു ബൾബ് . സഞ്ചാരികളിൽ ഒരു സ്ഥലത്തെ പറ്റി അവശേഷിപ്പിക്കുന്ന ഓർമ്മ ചിത്രങ്ങളിൽ ഒരു ബിംബമായി നിൽക്കണം എന്നതിൽ കവിഞ്ഞൊരു നിയോഗം അതിനുമുണ്ടാവില്ല . ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാൻ കുപ്പിയിലെ വെള്ളമെടുത്ത് മുഖം കഴുകി , വഴിയരികിൽ കാണുന്ന ചായക്കടയിലേക്ക് കയറി ചൂടുള്ളൊരു സുലൈമാനി . ഇത്തരം അനുഭവം ബാക്കിയാവാത്ത എത്ര സഞ്ചാരികൾ കാണും നമുക്കിടയിൽ ..?
ഞാൻ വീണ്ടും വീരനഹോസ ഹള്ളിയിൽ തന്നെ ചുറ്റി തിരിയുകയാണ് . അദൃശ്യമായ ഏതോ ഒരു വികാരം മനസ്സിനെ ഈ ഗ്രാമത്തിൽ തളച്ചിടുന്നു . അതൊരുപക്ഷേ ഈ മഞ്ഞുമൂടിയ പ്രഭാതമാവാം , അല്ലെങ്കിൽ അതിര് പങ്കിടുന്ന പുകയിലപ്പാടങ്ങളാവാം . സമോവറിൽ ചൂടാവുന്ന ചായയിലേക്ക് നോക്കി നെടുവീർപ്പിട്ടു . പിന്നെ നോട്ടം ഇനിയും വെളിച്ചം വന്നു വീണിട്ടില്ലാത്ത പകലുകളിലേക്ക് നീട്ടിയെറിഞ്ഞു.
മജീദ്ക്ക ചായ കൊണ്ട് വന്നു . ചായയുടെ രുചി അത് കുടിക്കുന്ന സ്ഥലത്തി ഭംഗിയും അതുണ്ടാക്കുന്നവരുടെ മനസ്സും കൂടി ചേർന്നതാണ് . മജീദ്ക്കയെ പറ്റി ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു . അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ട് മജീദ്ക്ക പറഞ്ഞൊരു കുടിയേറ്റത്തിന്‍റെ കഥ. ഓരോ കുടിയേറ്റത്തിന്‍റെ പിന്നിലും അതിജീവനത്തിന്‍റെ കഥകൾ കാണും . മണ്ണിനോടും മലകളോടും കാറ്റിനോടും മൃഗങ്ങളോടും പൊരുതി ഒരു ജീവിതം തളിർപ്പിക്കുന്നതിന്‍റെ കഥ . വേരുറച്ച മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്ന ജീവിതങ്ങൾ മറ്റൊരു ഭൂമികയിലേക്ക് നട്ടു പിടിപ്പിക്കുമ്പോഴും ആ വേരിൽ ബാക്കിയായ ഒരു പിടി സ്വന്തം മണ്ണ് അവരെ തിരിച്ചു പോവാൻ പ്രലോഭിപ്പിക്കുന്നുണ്ടാവണം . എട്ട് വർഷമായി മജീദ്ക്കയുടേയും കുടുംബത്തിന്‍റെയും ലോകം കാടിന്‍റെ അതിർത്തിയിലുള്ള ഈ ഗ്രാമമാണ് . നാഗറോള കാടുകളുടെ വന്യതയിലേക്ക് ചൂഴ്ന്നിറങ്ങാൻ ഇതുവഴി വരുന്ന ഓരോ സഞ്ചാരിയും കുടിക്കുന്ന ചായയിലും തിരിച്ച് നാട് പിടിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്‍റെ സ്വപ്‌നങ്ങൾ കൂടി കലർന്നിട്ടുണ്ട് .
ചിലർ രുചികൊണ്ട് യാത്രക്കാരുടെ സ്നേഹം പിടിച്ചു പറ്റിയവരാണ് . വയനാട്ടിലെ കുട്ടേട്ടനേയും ഇവിടെ ഓർക്കാതെ പോവാനാവില്ല . അതും ഒരു പറിച്ചു നടൽ തന്നെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് . മലപ്പുറത്ത്‌ നിന്നും . സഞ്ചാരികളുടെ റൂട്ട് മാപ്പിൽ കുട്ടേട്ടന്‍റെ ഉണ്ണിയപ്പം എന്ന് കൂടി എഴുതി ചേർക്കുന്നതിൽ തന്നെ ആ രുചിയുടെ ചരിത്രമുണ്ട് . വായിൽ ഉണ്ണിയപ്പത്തിന്‍റെ മറക്കാത്ത രുചി ബാക്കിയാക്കി കുട്ടേട്ടനും ഒരു യാത്ര പോയി . ചിലർ അടയാളങ്ങൾ ബാക്കിവെച്ച് മറഞ്ഞു പോകുന്നവരാണ് . ഇപ്പോൾ മകൻ നടത്തുന്നു എന്ന് കേട്ടു . രുചിയുടെ കൈപ്പുണ്ണ്യം മകനും കിട്ടിക്കാണണം .
ഇങ്ങിനെ ചിലരെ ഇനിയും കണ്ടുമുട്ടും, ജീവിതയാത്രയില്‍ പലയിടത്തായി. വേറെ രൂപത്തിലും ഭാവത്തിലും അവർ പുനർജ്ജനിക്കും ഇതേ സ്നേഹത്തോടെ, ഏതെങ്കിലുമൊരു ദിക്കില്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവണം. ഈ മനുഷ്യർ , ഇവരുടെ സ്നേഹം , വഴിയമ്പലങ്ങളിൽ പരിചയപ്പെടുന്ന വെറും മനുഷ്യർ മാത്രമല്ലവർ . ഒരു നോട്ടത്തിലൂടെ , വാക്കിലൂടെ നമ്മുടെ ആരെല്ലാമോ ആയി തീരുന്നവരാണ് . ഇതെല്ലാം യാത്രയിൽ പതിക്കുന്ന സ്നേഹത്തിന്‍റെ കയ്യൊപ്പുകളാണ് . യാത്രകൾ വെറും പുറം കാഴ്ചകൾ മാത്രമല്ല, അത് മണ്ണിനെയും മനുഷ്യനേയും അറിയാനുള്ളത് കൂടിയാണ് .
ഈ ഇടത്താവളം വിടാൻ സമയമായി . കുദ്രെമുഖിലെ കവിത പോലുള്ള മലനിരകൾ ഞങ്ങളെ കാത്തിരിക്കുകയാണ് . മഞ്ഞ് പെയ്തു കൊണ്ടേയിരിക്കുന്നു . മരങ്ങളും . മഞ്ഞുപാളികൾക്കിടയിലൂടെ ചിതറി വരുന്ന വിളക്കുകാലിലെ മഞ്ഞവെളിച്ചം ഗ്രാമത്തിന് ഫെയറി ടെയിലുകളിൽ വായിച്ച മായിക ലോകത്തിന്‍റെ പ്രതീതി നൽകി . ചായക്കടയിലെ ഇളകിയാടുന്ന മരബെഞ്ചിൽ നിന്നും എണീക്കുമ്പോൾ മനസ്സ് പിടിച്ചു വലിക്കുന്ന പോലെ . ചിലത് അങ്ങിനെയാണ് . അല്ലെങ്കിൽ പ്രത്യേകിച്ചൊന്നും ഒന്നും എടുത്ത് പറയാനില്ലാത്ത ഈ കാടതിർത്തി എന്നെ വീണ്ടും വീണ്ടും ഇങ്ങിനെ തിരിച്ചു വിളിക്കുന്നതെന്തുകൊണ്ടാണ് .?