Saturday, September 24, 2016

ഒരു മകര മഞ്ഞുകാലത്ത്




മണ്ണും മലയും മരങ്ങളും പാതകളും കോടമഞ്ഞു പുതച്ചുറങ്ങുകയാണ് . കുന്നിറങ്ങി വരുന്ന മഞ്ഞിന്‍റെ കുളിര് തണുപ്പിക്കുന്നത് മനസ്സിനെയാണ്‌ . വീണ്ടും ഈ ചിത്രം മോണിറ്ററിൽ തെളിഞ്ഞുവന്നു . 

ഒരു മകര മഞ്ഞുകാലത്ത് പകർത്തിയ ചുരം ചിത്രമാണിത് . ഓരോ യാത്രയും മറ്റൊരു യാത്രയുടെ തുടർച്ചയാണ് . ഓരോ ചിത്രങ്ങളും മറ്റൊരു യാത്രയിലേക്കുള്ള ആവേശവുമാണ് . കണ്ടില്ലേ കുന്നിറങ്ങി വരുന്ന മഞ്ഞിന്റെ വശ്യത . നമുക്കായി മാത്രം തുറന്നുവെച്ചൊരു ചായക്കട , ആരെങ്കിലും വഴിതെറ്റിയെത്തുമെന്ന പ്രതീക്ഷയിൽ വിളക്കെരിയുന്നൊരു വഴിയമ്പലം , ഒരു ചിരിയിൽ മാത്രം ഒരു ജന്മത്തിലെ പരിചയം ബാക്കി വെച്ചേക്കാവുന്ന ആരെങ്കിലും ഒരാൾ , ചുക്കിചുളിഞ്ഞ മുഖത്ത് ഒരുപാട് കാലങ്ങളെ അടയാളപ്പെടുത്തുന്നൊരു പൂക്കച്ചവടക്കാരി , ആൽമരങ്ങളുടെ ചുവട്ടിൽ അണയാതെ കത്തുന്ന വിളക്കുകൾ . ഇവയെല്ലാം നമ്മളെ കാത്തിരിപ്പുണ്ട് . ഇതെല്ലാം തൊട്ട് മുന്നോട്ട് പോവേണ്ടതുമുണ്ട്. യാത്രാസ്വപ്നങ്ങൾ കുത്തി നിറച്ചൊരു ഭാന്ധം ചുമലിലേക്കിട്ടു .

ചുരങ്ങളുടെ വളവുകളും കഴിഞ്ഞു പോയ സ്വപ്നങ്ങൾ എത്രയാണ് . ആ വളവുകളിൽ മാത്രം തങ്ങി തിരിച്ചു പോന്ന സ്വപ്നങ്ങളും കാണും അത്രത്തോളം .ചുരങ്ങളിലെ കയറിയിറക്കങ്ങൾ നൽകുന്നൊരു സന്തോഷമുണ്ട് . ശരീരത്തിലേക്ക് പകരുന്നൊരു ഊർജ്ജമുണ്ട് . രാവും പകലുമറിയാത്തൊരു ലഹരിയാണത് . വളവുകൾ കഴിഞ്ഞെത്തുന്ന നിരപ്പുകളിലെ ചെറിയ കൽപ്പടവുകളിലിരുന്ന് ദൂരങ്ങളും താണ്ടി വരുന്ന ലോറികളിലെ അമരക്കാരെ അസൂയയോടെ നോക്കിയിരുന്ന നോമ്പുകാലങ്ങളുണ്ട്. ഏതെല്ലാം ദേശങ്ങൾ താണ്ടിയാവണം അവയെല്ലാം കിതച്ചുകൊണ്ട് ചുരമിറങ്ങുന്നത് . സ്വപ്നങ്ങളെല്ലാം ഒരു ഭാണ്ഡത്തിൽ കെട്ടിപൊതിഞ്ഞു അതുപോലൊരു ലോറിയിലേക്ക് വലിച്ചെറിയണം ഒരിക്കൽ.
ചുരം കയറുന്ന സ്വപ്നങ്ങൾ .

നടന്നു തീർത്ത വഴികളിലൂടെ വീണ്ടും വീണ്ടും ഓർമ്മകളിലൂടെ തിരിഞ്ഞു നടക്കും . വഴിയമ്പലങ്ങളിൽ കിടന്നുറങ്ങും . പൊതിച്ചോറ് വാങ്ങി കഴിക്കും . പാറക്കെട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഉറവ് വെള്ളം ആർത്തിയോടെ കുടിക്കും . ഇടക്കെപ്പോഴോ കാട്ടിലോ മലയിലോ പെയ്യുന്ന മഴയെ ഏറ്റുവാങ്ങും. കോടമഞ്ഞിനിടയിൽ ഒളിച്ചു കളിക്കുന്ന സൂര്യനും ചന്ദ്രനും നിലാവും നക്ഷത്രങ്ങളും എന്‍റെ കൂട്ടുകാരാവും . വഴിയമ്പലങ്ങളിൽ ഇരുളിൽ നിന്നും കേൾക്കുന്ന ഈണമില്ലാത്ത നാടോടി ഗാനങ്ങളിലെ വിരഹവും സന്തോഷവും സന്താപവും ഏറ്റുവാങ്ങും . തട്ടുകടകളിലെ മണ്ണെണ്ണ അടുപ്പിന്‍റെ ചൂടിനോട്‌ചേർന്ന് നിൽക്കും . ഉണക്ക ചുള്ളികൾ പെറുക്കി കൂട്ടി തീ കായുമ്പോൾ ലോകം അവിടെ മാത്രമായിഒതുങ്ങും . പേരറിയാത്ത പൂക്കളോടും ചെടികളോടും സംസാരിക്കും . ലക്ഷ്യമില്ലാതെ നീണ്ടുപോകുന്നവനപാതകളും നാട്ടു വഴികളും . ഈറ്റക്കാടുകൾ വകഞ്ഞുമാറ്റി ആനച്ചൂര് മണക്കുന്ന കാട്ടുവഴികളിലൂടെ .ഒരു മലയണ്ണാൻ ഓടിയൊളിച്ചു . ദൂരെ ഒരു ഒറ്റയാന്റെ ചിന്നംവിളി.പക്ഷികളുടെ കലപില .കുരങ്ങന്മാരുടെ ഊഞ്ഞാലാട്ടം . പകച്ചുനോക്കുന്ന മാനുകൾ . കുതിച്ചുപായുന്ന മുയലുകൾ .

കണ്ണടച്ചിരുന്നു . മുന്നിലൊരു ലോകം തെളിയുന്നു . നീണ്ടുപോകുന്ന ഒറ്റയടിപാതകൾ പാതകൾ . പിന്നത് ചന്നിച്ചിതറി പോകുന്നു . പലവഴികൾ . ഓരോ വഴികളും ഓരോ സ്വപ്നലോകത്തേക്ക് . നമുക്ക് നടന്നു തീർക്കാനുള്ള വഴികളും കണ്ടു തീർക്കാനുള്ള കാഴ്ചകളുമാണത് . ഒരിക്കൽ കൂടി ചിത്രത്തിലേക്ക് നോക്കൂ .. യാത്രികന്റെ ആവേശം മഞ്ഞിന്റെ കുളിരും കടന്ന് സിരകളെ ചൂട് പിടിപ്പിക്കുന്നില്ലേ ? 

No comments:

Post a Comment