Tuesday, September 27, 2016

കാട്ടുപച്ച



അലസത പെയ്യുന്ന വൈകുന്നേരങ്ങളോട് മിണ്ടിയും പറഞ്ഞുമിരിക്കണമിവിടെ . 
കാറ്റിലൊഴുകിവരുന്ന കാട്ടുപച്ചയുടെ മണമുണ്ട് .
അരികിൽ തൊട്ടുകൂട്ടാനൊരു കാടും . 
വെയിലൊന്ന് മാറിയാൽ ഒളിഞ്ഞുകയറാൻ തക്കം പാർത്തിരിക്കുന്നൊരു ഇരുട്ടുണ്ട് .
ഇരുന്ന് മടുക്കുമ്പോൾ ഒഴുകിനടക്കാനൊരു ഒറ്റയടി പാതയുണ്ട് .
പാതയുടെ അറ്റത്ത് തപസ്സിരിക്കുന്ന കുറെ വൻ മരങ്ങളുമുണ്ട് .
ഇരുവശവും കുണുങ്ങിനില്‍ക്കുന്ന ലെന്റാനപ്പൂക്കളുണ്ട് . 

കിളികളും പൂമ്പാറ്റകളും കാട്ടുപ്പൂക്കളുമുണ്ട്
പിന്നെ മഞ്ഞുകണികകളും പുതച്ച് കാത്തിരിക്കുന്നൊരു പുലർക്കാലവുമുണ്ട് .

(കബിനിയിലെ ഒരു ഫോറസ്റ്റ് ക്വോർട്ടേഴ്‌സാണ് )

Saturday, September 24, 2016

വല്യുപ്പ


പള്ളികളിൽ നിന്നും ഓരോ ബാങ്ക് വിളി കേൾക്കുമ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്ന ചിലരുണ്ട് . താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും ആദ്യം വരുന്നത് . ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്‌. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്. മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത്‌ . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍ മിഠായികള്‍ക്കുള്ളതാണ് അത് .

ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത്‌ റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവുമുണ്ട് . ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്‌. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക്.

വീട്ടിലേക്കുള്ള വഴി



വീണും എണീറ്റും നടന്നു പഠിച്ച വഴികൾ . 
വീട്ടിലേക്കുള്ള വഴി . 
പച്ചയുടെ മണമാണ് നിറയെ .
ഒരു ഓർമ്മപ്പെടുത്തൽ പോലെ കമ്മ്യൂണിസ്റ്റ് അപ്പ കണ്ടു . 
ഇപ്പോൾ കാണാറേ ഇല്ല .
അതിന്‍റെ തൂമ്പ് നുള്ളി കൈവെള്ള ചുവപ്പിച്ചു .
ബാല്യത്തിന്‍റെ നിറം .
ഇലകൾ പറിച്ച് മണത്തു .
ബാല്യത്തിന്‍റെ മണം .
ഒരു പേരക്ക മാത്രം കിളി കൊത്താതെ
ബാല്യത്തിന്‍റെ രുചി .
ഒരു ഓലഞ്ഞാലി ചിലച്ചുകൊണ്ട് പാറി .

വഴിയുടെ അറ്റം ഇടവഴിയാണ്. വർഷക്കാലത്ത് കുത്തിയൊലിച്ചു പോകുന്ന മഴവെള്ളം . അതിലൊഴുക്കി വിടുന്ന കളിത്തോണികൾ .
ഒരു തോണി പോലും നേരെ ഒഴുകിയില്ല . മഴത്തുള്ളികൾ അവയെ മത്സരിച്ചു മുക്കി . നോട്ട്ബുക്കിലെ പേജുകൾക്ക് കനം കുറഞ്ഞു വന്നു. കുറേ കാലവും കൂടെ ഒഴുകിപ്പോയി .
ഫോട്ടോയിലേക്ക് നോക്കിയിരിക്കുമ്പോൾ വീണ്ടുമൊരു മഴ പെയ്യുന്നു. ഒരു മഴയിലും തകരാതെ കുറേ ഓർമ്മകളും പേറി ഒരു കടലാസ് തോണി വർഷങ്ങൾക്കപ്പുറത്തേക്ക് ഒഴുകുന്നു .
ഒഴുകിയൊഴുകി അത് ഓർമ്മകളുടെ മറുവശത്തെത്തുമ്പോൾ
കയ്യിലൊരു ആഴ്ച്ചപതിപ്പും പിടിച്ച് ഉപ്പ നടന്നു വരുന്നത് കാണാം. അതിനുള്ളിൽ മധുരമുള്ളൊരു കഥ പോലെ ചെറിയൊരു പൊതി കാണും . പോപ്പിൻസ്‌ മിഠായി . ഒരു ആഴ്ച്ചപതിപ്പിനുള്ളിലും പോപ്പിൻസിനോളം രുചിയുള്ളൊരു കഥ ഞാൻ വായിച്ചിട്ടില്ല . ഒരു ആഴ്ച്ചപതിപ്പിനും അതിനോളം മനോഹരമായ ഒരു കവർ ചിത്രം ഞാൻ കണ്ടിട്ടില്ല . ആ വരവിനേക്കാളും സന്തോഷം നൽകുന്ന വേറൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല . ഇന്നും ഉപ്പയുടെ ഗന്ധമാണ് ആഴ്ച്ചപതിപ്പുകൾക്ക് .
വഴികൾ ശൂന്യമാകുന്നത്‌ ചിത്രങ്ങളിലാണ് . വഴിക്കണ്ണുകളിളല്ല .
പെയ്യുമെന്ന് മോഹിപ്പിച്ച മഴ മേഘങ്ങൾ ഇന്നും പെയ്തില്ല . പക്ഷേ മനസ്സിൽ പെയ്തു . ഈ വഴികളിലും പെയ്തു .

ഹരാഹിരി



ഹരാഹിരി ഒരു പ്രാധാന്യവുമുള്ള സ്ഥലമല്ല . കബിനി മൈസൂർ റോഡിലെ ചെറിയൊരു ഗ്രാമം . ദീർഘയാത്രകളിൽ ഇതുപോലുള്ള സ്ഥലങ്ങളിൽ ഇറങ്ങി വിശ്രമിക്കുന്നത് ഇഷ്ടമുള്ളൊരു കാര്യമാണ് .
ഇത്തരം ഗ്രാമങ്ങളുടെ ഓരത്തിരുന്ന് ഹൈവേകളിലേക്ക് നോക്കിയിരുന്നിട്ടുണ്ടോ നിങ്ങൾ ..? ഒരനുഭവമാണത് . രണ്ടു ദിക്കിലേക്ക് യാത്ര ചെയ്യുന്നവർ . അതിൽ സഞ്ചാരികളെ മാത്രം നിങ്ങൾക്ക് തിരഞ്ഞുപിടിക്കാനാവും. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെ ഭാണ്ഡം കാണാം . അലസമായ മുഖത്ത് ഇനിയും കണ്ടു തീരാത്ത സ്ഥലങ്ങളുടെ ഭൂപടങ്ങൾ കാണാം . ഒരു നിമിഷത്തേക്ക് നമ്മൾ അവരിലൊരാളാവും . ദൂരങ്ങൾ പിന്നിടാനുള്ളൊരു ബസ്സിലെ സൈഡ് സീറ്റിൽ നമ്മളിരിക്കും . ചുറ്റും യാത്രാസ്വപ്നങ്ങളുടെ നിലാവ് പരക്കും .
ഹരാഹിരി എന്ന ഈ കൊച്ചുഗ്രാമത്തിലെ ബെഞ്ചിലിരുന്ന് ഈ ഹൈവേകളിലേക്ക് ഞാനും കുറച്ച് പുതിയ യാത്രയുടെ വിത്തുകളെറിഞ്ഞിട്ടുണ്ട് . നനച്ചും ലാളിച്ചും അത് മുളച്ചൊരു യാത്രാമരമാവുന്നതും നോക്കി ഇരിക്കുന്നുണ്ട് .

ഒറ്റമുറിത്താവളങ്ങൾ



ഇതുപോലെ ചില ഒറ്റമുറിത്താവളങ്ങളിൽ അന്തിയുറങ്ങിയിട്ടുണ്ടോ...? 
അതിനായി മാത്രം വയനാടൻ ചുരം കയറിയിട്ടുണ്ട് പലതവണ 
മഞ്ഞ് പുതച്ചുറങ്ങുന്ന രാത്രികൾക്കുവേണ്ടി .
മഞ്ഞിലേക്ക് തന്നെ ഇറങ്ങുന്ന പുലരികൾക്ക് വേണ്ടി . 
തേയില തൊഴിലാളികളുടെ പാടി എന്ന് വിളിക്കുന്ന കോർട്ടേഴ്സുകളിൽ. ചെറിയ സ്വപ്‌നങ്ങൾ ഉള്ളവരുടെ വലിയ ലോകത്തിൽ . 

ഏറ്റവും സുന്ദരമായ സ്വപ്‌നങ്ങൾ എന്നെ തേടി വന്ന രാത്രികൾ അതായിരിക്കും . കാട്ടുമുല്ലയുടെ മണമുള്ള അന്തികൾ . ചെമ്പ്രയിലെ കുന്നിൻമുകളിൽ പരന്നുകിടക്കുന്ന തേയില തോട്ടങ്ങൾക്കിടയിലൂടെ ആ സ്വപ്‌നങ്ങൾ ചിതറി തെറിച്ച് പോവും.

നാഗറോള കാടിന്‍റെ അതിർത്തിയിൽ വീരനഹോസ ഹള്ളി എന്ന ഗ്രാമത്തിലെ ഒരു പുലർകാല കാഴ്ചയാണിത് . കഴിഞ്ഞ ഡിസംബറിൽ പകർത്തിയത്. ചിത്രങ്ങളിലൂടേയും യാത്ര പോകുന്ന എന്നെ നാഗറോളയിൽ കോടമഞ്ഞിന്‍റെ ആലസ്യത്തിൽ ഉണരുന്ന ഈ ഒറ്റമുറിതാവളങ്ങൾ വല്ലാതെ പ്രലോഭിപ്പിക്കുന്നു . ആദ്യം സ്വപ്നങ്ങളുടെ ഭാണ്ഡം കെട്ടി പൊതിയട്ടെ .

ബാക്കിയാവുന്ന ചിലത്


നീണ്ടുപോകുന്ന രാത്രിയാത്രകൾ . കണ്ണ് തുറന്നു നോക്കുമ്പോൾ പുലർക്കാലത്ത് ഇഴഞ്ഞെത്തുന്നൊരു ഒരു ഗ്രാമം കാണാം . നിറയെ മഞ്ഞ് മൂടിയ ഒരു കാടിന്‍റെ അതിർത്തി . അല്ലെങ്കിലൊരു ഹിൽ സ്റ്റേഷൻ . വിളക്കുകാലിൽ മങ്ങിയ വെളിച്ചത്തിൽ ഇനിയും കെടാതെ കത്തുന്നൊരു ബൾബ് . സഞ്ചാരികളിൽ ഒരു സ്ഥലത്തെ പറ്റി അവശേഷിപ്പിക്കുന്ന ഓർമ്മ ചിത്രങ്ങളിൽ ഒരു ബിംബമായി നിൽക്കണം എന്നതിൽ കവിഞ്ഞൊരു നിയോഗം അതിനുമുണ്ടാവില്ല . ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാൻ കുപ്പിയിലെ വെള്ളമെടുത്ത് മുഖം കഴുകി , വഴിയരികിൽ കാണുന്ന ചായക്കടയിലേക്ക് കയറി ചൂടുള്ളൊരു സുലൈമാനി . ഇത്തരം അനുഭവം ബാക്കിയാവാത്ത എത്ര സഞ്ചാരികൾ കാണും നമുക്കിടയിൽ ..?
ഞാൻ വീണ്ടും വീരനഹോസ ഹള്ളിയിൽ തന്നെ ചുറ്റി തിരിയുകയാണ് . അദൃശ്യമായ ഏതോ ഒരു വികാരം മനസ്സിനെ ഈ ഗ്രാമത്തിൽ തളച്ചിടുന്നു . അതൊരുപക്ഷേ ഈ മഞ്ഞുമൂടിയ പ്രഭാതമാവാം , അല്ലെങ്കിൽ അതിര് പങ്കിടുന്ന പുകയിലപ്പാടങ്ങളാവാം . സമോവറിൽ ചൂടാവുന്ന ചായയിലേക്ക് നോക്കി നെടുവീർപ്പിട്ടു . പിന്നെ നോട്ടം ഇനിയും വെളിച്ചം വന്നു വീണിട്ടില്ലാത്ത പകലുകളിലേക്ക് നീട്ടിയെറിഞ്ഞു.
മജീദ്ക്ക ചായ കൊണ്ട് വന്നു . ചായയുടെ രുചി അത് കുടിക്കുന്ന സ്ഥലത്തി ഭംഗിയും അതുണ്ടാക്കുന്നവരുടെ മനസ്സും കൂടി ചേർന്നതാണ് . മജീദ്ക്കയെ പറ്റി ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു . അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ട് മജീദ്ക്ക പറഞ്ഞൊരു കുടിയേറ്റത്തിന്‍റെ കഥ. ഓരോ കുടിയേറ്റത്തിന്‍റെ പിന്നിലും അതിജീവനത്തിന്‍റെ കഥകൾ കാണും . മണ്ണിനോടും മലകളോടും കാറ്റിനോടും മൃഗങ്ങളോടും പൊരുതി ഒരു ജീവിതം തളിർപ്പിക്കുന്നതിന്‍റെ കഥ . വേരുറച്ച മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്ന ജീവിതങ്ങൾ മറ്റൊരു ഭൂമികയിലേക്ക് നട്ടു പിടിപ്പിക്കുമ്പോഴും ആ വേരിൽ ബാക്കിയായ ഒരു പിടി സ്വന്തം മണ്ണ് അവരെ തിരിച്ചു പോവാൻ പ്രലോഭിപ്പിക്കുന്നുണ്ടാവണം . എട്ട് വർഷമായി മജീദ്ക്കയുടേയും കുടുംബത്തിന്‍റെയും ലോകം കാടിന്‍റെ അതിർത്തിയിലുള്ള ഈ ഗ്രാമമാണ് . നാഗറോള കാടുകളുടെ വന്യതയിലേക്ക് ചൂഴ്ന്നിറങ്ങാൻ ഇതുവഴി വരുന്ന ഓരോ സഞ്ചാരിയും കുടിക്കുന്ന ചായയിലും തിരിച്ച് നാട് പിടിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്‍റെ സ്വപ്‌നങ്ങൾ കൂടി കലർന്നിട്ടുണ്ട് .
ചിലർ രുചികൊണ്ട് യാത്രക്കാരുടെ സ്നേഹം പിടിച്ചു പറ്റിയവരാണ് . വയനാട്ടിലെ കുട്ടേട്ടനേയും ഇവിടെ ഓർക്കാതെ പോവാനാവില്ല . അതും ഒരു പറിച്ചു നടൽ തന്നെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് . മലപ്പുറത്ത്‌ നിന്നും . സഞ്ചാരികളുടെ റൂട്ട് മാപ്പിൽ കുട്ടേട്ടന്‍റെ ഉണ്ണിയപ്പം എന്ന് കൂടി എഴുതി ചേർക്കുന്നതിൽ തന്നെ ആ രുചിയുടെ ചരിത്രമുണ്ട് . വായിൽ ഉണ്ണിയപ്പത്തിന്‍റെ മറക്കാത്ത രുചി ബാക്കിയാക്കി കുട്ടേട്ടനും ഒരു യാത്ര പോയി . ചിലർ അടയാളങ്ങൾ ബാക്കിവെച്ച് മറഞ്ഞു പോകുന്നവരാണ് . ഇപ്പോൾ മകൻ നടത്തുന്നു എന്ന് കേട്ടു . രുചിയുടെ കൈപ്പുണ്ണ്യം മകനും കിട്ടിക്കാണണം .
ഇങ്ങിനെ ചിലരെ ഇനിയും കണ്ടുമുട്ടും, ജീവിതയാത്രയില്‍ പലയിടത്തായി. വേറെ രൂപത്തിലും ഭാവത്തിലും അവർ പുനർജ്ജനിക്കും ഇതേ സ്നേഹത്തോടെ, ഏതെങ്കിലുമൊരു ദിക്കില്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവണം. ഈ മനുഷ്യർ , ഇവരുടെ സ്നേഹം , വഴിയമ്പലങ്ങളിൽ പരിചയപ്പെടുന്ന വെറും മനുഷ്യർ മാത്രമല്ലവർ . ഒരു നോട്ടത്തിലൂടെ , വാക്കിലൂടെ നമ്മുടെ ആരെല്ലാമോ ആയി തീരുന്നവരാണ് . ഇതെല്ലാം യാത്രയിൽ പതിക്കുന്ന സ്നേഹത്തിന്‍റെ കയ്യൊപ്പുകളാണ് . യാത്രകൾ വെറും പുറം കാഴ്ചകൾ മാത്രമല്ല, അത് മണ്ണിനെയും മനുഷ്യനേയും അറിയാനുള്ളത് കൂടിയാണ് .
ഈ ഇടത്താവളം വിടാൻ സമയമായി . കുദ്രെമുഖിലെ കവിത പോലുള്ള മലനിരകൾ ഞങ്ങളെ കാത്തിരിക്കുകയാണ് . മഞ്ഞ് പെയ്തു കൊണ്ടേയിരിക്കുന്നു . മരങ്ങളും . മഞ്ഞുപാളികൾക്കിടയിലൂടെ ചിതറി വരുന്ന വിളക്കുകാലിലെ മഞ്ഞവെളിച്ചം ഗ്രാമത്തിന് ഫെയറി ടെയിലുകളിൽ വായിച്ച മായിക ലോകത്തിന്‍റെ പ്രതീതി നൽകി . ചായക്കടയിലെ ഇളകിയാടുന്ന മരബെഞ്ചിൽ നിന്നും എണീക്കുമ്പോൾ മനസ്സ് പിടിച്ചു വലിക്കുന്ന പോലെ . ചിലത് അങ്ങിനെയാണ് . അല്ലെങ്കിൽ പ്രത്യേകിച്ചൊന്നും ഒന്നും എടുത്ത് പറയാനില്ലാത്ത ഈ കാടതിർത്തി എന്നെ വീണ്ടും വീണ്ടും ഇങ്ങിനെ തിരിച്ചു വിളിക്കുന്നതെന്തുകൊണ്ടാണ് .?

ഏറുമാടം



ഈ ഏറുമാടത്തിൽ പുലരുവോളം സംസാരിച്ചിരിക്കണം .
തണുത്ത രാവുകൾക്ക്‌ ചൂട് പിടിക്കാൻ കരിമ്പടത്തിനും മേലെ ഗുലാം അലിയും ജഗ്ജിത് സിങ്ങും മാറി മാറി പാടണം .
പിന്നെ രാത്രിയുടെ നിഗൂഡതയിൽ ലയിച്ച് ഉറങ്ങണം .
ഒരൊറ്റയാന്‍റെ അട്ടഹാസം കേട്ട് ഞെട്ടിയുണരണം . പിന്നേം തലയടക്കം കമ്പിളിക്കുള്ളിലേക്ക് ചൂഴ്ന്നിറങ്ങണം .

ഈ ഓലക്കീറുകൾക്കിടയിലൂടെ വെളിച്ചം തോണ്ടി വിളിക്കാൻ സമയമെടുക്കും . കാരണം സൂര്യൻ പോലും കോടമഞ്ഞ്‌ പുതച്ചുറങ്ങുകയാവും . ഉണർന്നാൽ സൂര്യകാന്തിക്കാലം കാണാം .
ചെണ്ടുമല്ലി പൂക്കളുടെ നൃത്തം കാണാം . ഓരോ ചെടികളിലും മഞ്ഞുത്തുള്ളികൾ എഴുതിയ കവിതകൾ വായിക്കാം .
കണ്ണിന് പോലും പിടി തരാതെ പായുന്ന കാട്ടുമുയലുകളെ കാണാം .

വിറക് ശേഖരിച്ചുവരുന്ന പെണ്‍കുട്ടികൾക്ക് സഹതാപം തോന്നിയാൽ ഉണക്ക വിറക് ചുള്ളികൾ കിട്ടിയേക്കും . ആ വിറകിന് ചുറ്റുമിരുന്ന് തീ കായാം .
കുശണ്ണനോ പ്രസാദോ വരുമായിരിക്കും ഇപ്പോൾ . ഇന്നവരുടെ കയ്യിൽ എന്തായിരിക്കും ..?
ചുട്ടെടുത്ത ചോളമോ അതോ പൊങ്കലോ ...?

ചില യാത്രാ ലക്ഷ്യങ്ങൾ ഇങ്ങിനെ ചിലതിലേക്ക് മാത്രം ഒതുങ്ങാറുണ്ട് , അതൊരു ഏറുമാടമാവാം , അല്ലെങ്കിൽ ഒരു ഗ്രാമം , വ്യക്തി , രുചി അങ്ങിനെ എന്തും .
ഗോപാൽസാമി ബേട്ടയിലേക്കുള്ള യാത്രയിൽ പകർത്തിയതാണ് ഇത് . ഗുണ്ടൽ പേട്ടയിലെ ചില പരിചിത മുഖങ്ങളും പിന്നെ അൽപം ഇഷ്ടങ്ങളും ഈ ചിത്രത്തോട് ചേർത്ത് വെച്ചു .

അലസതയുടെ ആഘോഷങ്ങൾ



അലസതയും ഒരു ആഘോഷമാണ് . വാൾപ്പാറ കാടും കടന്ന് തേയിലക്കുന്നിറങ്ങി വരുന്ന തണുത്ത കാറ്റ് . കുളിരുള്ള അന്തിയിൽ കുയിലിന്‍റെ പാട്ട് . അതിരുകൾ കാടാണ് എന്ന നേരിയ ഭയം . തേയില ചെടികൾക്ക് മീതെ നിലാവ് പെയ്യുന്നു . കാട്ടുപ്പൂക്കളുടെ മാദക ഗന്ധം . സിരുകുന്ദ്ര എസ്റ്റേറ്റിലെ രുചികരമായ ഭക്ഷണം . അതിനൊപ്പം നിലാവിനെയും തൊട്ടു കൂട്ടി .
രഫ്താ രഫ്താ വൊ മേരീ ഹസ്തീ കാ സാമാ ഹോ ഗയേ
പതിഞ്ഞ ശബ്ദത്തിൽ മെഹ്ദി സാബ് പാടുന്നു . ഇന്നീ രാവിൽ ഈ ടെന്റ് നിറയെ ഗസൽ പെയ്യും .
വാൾപ്പാറക്കൊരു നിഗൂഡ സൗന്ദര്യമുണ്ട് . വാരിപുണരുന്നൊരു വന്യഭാവമുണ്ട് . നിലാവുള്ള രാത്രികളിലത്‌ കൂടുതൽ മാദകമായി തോന്നും .
ഇലകളിൽ മഞ്ഞുപ്പെയ്യുന്ന ശബ്ദം കേൾക്കാം . ആ ശബ്ദം അങ്ങ് കുട്ടിക്കാലത്തോളം ചെന്നെത്തും . മഞ്ഞു പെയ്തിരിന്ന ഡിസംബറുകളെ ഓർമ്മവരും . ആ ഡിസംബറുകളിപ്പോൾ ഓർമ്മകളുടെ കലണ്ടറിൽ മാത്രമേ മാറിമറിയാറുള്ളൂ .
മഞ്ഞും കാടും ഗസലും നിലാവും പ്രണയമാണ് . ഒരുപാട് പ്രണയിനികളെ ചേർത്തുപിടിച്ച് മുറ്റത്തിരുന്നു . കണ്ണുകൾ ഒരു പ്രണയകാലം അകലെയുള്ള തേയിലത്തോട്ടങ്ങളിൽ ചെന്നുനിന്നു. തേയിലതോട്ടങ്ങളിൽ നിലാവ് പെയ്യുന്നതിനോളം മനോഹരമായ ഏത് കാഴ്ചയാണുള്ളത്. അകലേ മഞ്ഞും നിലാവും പ്രണയിക്കുന്നത്‌ കാണാം . ഈ കുയിലുകൾ പാടുന്നത് അവർക്കുവേണ്ടിയാവണം .
ആകാശത്ത് ചിന്നിച്ചിതറി കിടക്കുന്ന നക്ഷത്രങ്ങൾ . നക്ഷത്രങ്ങൾ കൂട്ടുവരുന്ന യാത്രകൾ മനോഹരമാണ് . ഈ യാത്ര തുടങ്ങിയതും ഇതുപോലെ നക്ഷത്രങ്ങൾ ചിരിക്കുന്നൊരു രാത്രിയിലാണ് . ഒത്തിരി അനുഭവങ്ങൾ കോരിയൊഴിച്ച ഈ രാത്രിയിൽ സ്വപ്നങ്ങളെ പുതച്ച് ഞങ്ങളുറങ്ങുമ്പോഴും അന്തികൂട്ടിനായി ഈ നക്ഷത്രങ്ങൾ കണ്ണു ചിമ്മാതെ കാവലിരിക്കും .

മല പണ്ടാരങ്ങള്‍




കക്കി ഡാം കഴിഞ്ഞുള്ള വനപാതയുടെ അരികിലെല്ലാം ഈറ്റ വെട്ടി കെട്ടി വെച്ചിട്ടുണ്ട്. മേലെ ആദിവാസികളുടെ കുടിലുകള്‍ കാണാം. പാറകള്‍ക്കും മരത്തിനും ഇടയില്‍ കെട്ടി കൂട്ടിയ ചെറിയ സങ്കേതങ്ങള്‍. ഒരാള്‍ക്ക്‌ പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ ഒരു കുടുംബം ,മുഴുവൻ താമസിക്കുന്നു..? കാറ്റിനെയും മഴയേയും കാട്ടു മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം.

“മല പണ്ടാരങ്ങള്‍” എന്ന ആദിവാസി വിഭാഗമാണിവർ . നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്.

ഈ ജീവിതവുമായി ചേർന്നുപോകാൻ ഇവർക്ക് കഴിയുമായിരിക്കും . പക്ഷേ ഈ പരിസരം നമ്മെ വേദനിപ്പിക്കും എന്നുറപ്പ് . കുഞ്ഞു കുട്ടികളുണ്ട് ഇവർക്കിടയിൽ . മഴ പെയ്ത് നനഞ്ഞ മണ്ണിൽ ഉടുപ്പുപോലുമില്ലാതെ ഇരിക്കുന്ന അവരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ . ഒരു തേനിനും രുചി തോന്നില്ല ഈ മുഖങ്ങൾ കണ്ടുമടങ്ങുമ്പോൾ . ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തിന്‍റെ മറ്റൊരു അവസ്ഥ കാണിച്ചു തരികയാണ് . ഒരു സിലബസ്സിലും കാണാത്ത പാഠങ്ങളാണ് .

സ്വപ്‌നങ്ങൾ പോലും നിഷേധിച്ചവരാവും ഇവർ . മറിഞ്ഞു വീഴേക്കാവുന്ന ഒരു മരം , കുത്തിയൊലിച്ചു വന്നേക്കാവുന്ന മലവെള്ളപ്പാച്ചിൽ . ഈ ഭീതിയുമായി കഴിയുന്നവർക്ക് സ്വപ്നം പോലും ആഡംബരമാണ് .

കാട്ടിലൊരു മഴയിരമ്പം കേൾക്കുന്നുണ്ട് . അതിനേക്കാൾ വലിയൊരു മഴയിരമ്പം മനസ്സിലുണ്ട് . കാടിറങ്ങി . തിരിഞ്ഞു നോക്കുമ്പോൾ ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചിരി പിന്തുടരുന്നു . അവൻ കാണാത്ത അഹങ്കാരം നിറഞ്ഞൊരു ലോകത്തിന്‍റെ ചിരി ഞാനവന് തിരിച്ചു നൽകി .

ഒരു മഞ്ഞുകാലത്തോളം ദൂരം


വിജനമായ റോഡരികിൽ നട്ടുച്ച നേരത്ത് ഒറ്റക്കിരിക്കുന്നൊരു മൂത്ത വട്ടുണ്ടെനിക്ക് . കാടിനെ പിളർത്തി വളഞ്ഞും പിരിഞ്ഞും നീണ്ടുപോകുന്ന പാതകൾ ഏറ്റവും നിഗൂഢമായി തോന്നുന്ന സമയമാണ് നട്ടുച്ച നേരം . ആ നിഗൂഢത തന്നെയാണ് അതിന്‍റെ ഭംഗിയും .
കാടും റോഡും നിശബ്ദമാകുന്ന അത്തരം സമയങ്ങളിൽ സംഭവിക്കുന്നൊരു ധ്യാനമുണ്ട്, വരികളാക്കി ഇവിടെ പതിപ്പിക്കാൻ കഴിയുന്നതിനും നിർവചനങ്ങൾക്കും അപ്പുറത്തുള്ള ഒന്ന് . 

അറ്റം കാണാതെ നീണ്ടു പോകുന്ന പാതകളും നിബിഢ വനങ്ങളും പ്രലോഭനത്തിന്‍റെ അങ്ങേയറ്റമാണ് . കാടിനോളം മാദകമായി ക്ഷണിക്കുന്ന മറ്റൊന്നില്ല . അതിനോളം ലഹരി മറ്റൊന്നിനും നൽകാനുമാവില്ല. വിജനമായി നീളുന്ന നിരത്തുകള്‍ മറ്റൊരു ദർശനമാണ് . ലക്ഷ്യമില്ലാതെ നടക്കാൻ പ്രേരിപ്പിക്കുന്നൊരു ഭ്രാന്തൻ അഭിനിവേശമാണത് .

ഷോളയാർ ഡാമും പരിസരവും ഇങ്ങനെ വിജനമായി മുമ്പ് കണ്ടിട്ടില്ല . മൂപ്പെത്താത്ത ഉച്ചവെയിലിൽ ഇറങ്ങി നടന്നു . ഭാരമില്ലാത്തൊരു മനുഷ്യനായി മാറിയ നിമിഷങ്ങളിലൂടെ . ഇലകളും ചെടികളും കാടുമല്ലാതെ ഒന്നിനേയും കാണുന്നില്ല , ഇവയോടല്ലാതെ ഒന്നിനോടും സംസാരിക്കാനുമില്ല . കാടിനുള്ളിൽ നിന്നും പമ്മി പതുങ്ങി വന്നൊരു കാറ്റ് ശരീരം തണുപ്പിച്ചു, മനസ്സും . ഒരു കോടി പ്രണയം മനസ്സില് നിറച്ചിട്ടാണ് ഓരോ കാറ്റും മഴയും പടിയിറങ്ങി പോകുന്നത്.

നടന്നു കൊണ്ടേയിരിക്കുകയാണ്, നട്ടുച്ചയുടെ പച്ചപ്പിലൂടെ . കാടുകളും പാതകളും സംസാരിക്കുന്നത്രയും ഹൃദ്യമായി എന്നോടാരും മിണ്ടിയിട്ടില്ല . അതിനോളം മനോഹരമായ ഒരു പാട്ടും ഞാൻ കേട്ടിട്ടില്ല . ഓരോ മൈൽക്കുറ്റികൾക്കിടയിലും സ്വപ്‌നങ്ങൾ അടയാളപ്പെടുത്തുന്ന പാതകൾ . അതിങ്ങിനെ നീണ്ടുപോകുകയാണ്, ദേശാന്തരങ്ങളും കടന്ന് ഒരു മഞ്ഞുകാലത്തോളം ദൂരം..

ഒരു മകര മഞ്ഞുകാലത്ത്




മണ്ണും മലയും മരങ്ങളും പാതകളും കോടമഞ്ഞു പുതച്ചുറങ്ങുകയാണ് . കുന്നിറങ്ങി വരുന്ന മഞ്ഞിന്‍റെ കുളിര് തണുപ്പിക്കുന്നത് മനസ്സിനെയാണ്‌ . വീണ്ടും ഈ ചിത്രം മോണിറ്ററിൽ തെളിഞ്ഞുവന്നു . 

ഒരു മകര മഞ്ഞുകാലത്ത് പകർത്തിയ ചുരം ചിത്രമാണിത് . ഓരോ യാത്രയും മറ്റൊരു യാത്രയുടെ തുടർച്ചയാണ് . ഓരോ ചിത്രങ്ങളും മറ്റൊരു യാത്രയിലേക്കുള്ള ആവേശവുമാണ് . കണ്ടില്ലേ കുന്നിറങ്ങി വരുന്ന മഞ്ഞിന്റെ വശ്യത . നമുക്കായി മാത്രം തുറന്നുവെച്ചൊരു ചായക്കട , ആരെങ്കിലും വഴിതെറ്റിയെത്തുമെന്ന പ്രതീക്ഷയിൽ വിളക്കെരിയുന്നൊരു വഴിയമ്പലം , ഒരു ചിരിയിൽ മാത്രം ഒരു ജന്മത്തിലെ പരിചയം ബാക്കി വെച്ചേക്കാവുന്ന ആരെങ്കിലും ഒരാൾ , ചുക്കിചുളിഞ്ഞ മുഖത്ത് ഒരുപാട് കാലങ്ങളെ അടയാളപ്പെടുത്തുന്നൊരു പൂക്കച്ചവടക്കാരി , ആൽമരങ്ങളുടെ ചുവട്ടിൽ അണയാതെ കത്തുന്ന വിളക്കുകൾ . ഇവയെല്ലാം നമ്മളെ കാത്തിരിപ്പുണ്ട് . ഇതെല്ലാം തൊട്ട് മുന്നോട്ട് പോവേണ്ടതുമുണ്ട്. യാത്രാസ്വപ്നങ്ങൾ കുത്തി നിറച്ചൊരു ഭാന്ധം ചുമലിലേക്കിട്ടു .

ചുരങ്ങളുടെ വളവുകളും കഴിഞ്ഞു പോയ സ്വപ്നങ്ങൾ എത്രയാണ് . ആ വളവുകളിൽ മാത്രം തങ്ങി തിരിച്ചു പോന്ന സ്വപ്നങ്ങളും കാണും അത്രത്തോളം .ചുരങ്ങളിലെ കയറിയിറക്കങ്ങൾ നൽകുന്നൊരു സന്തോഷമുണ്ട് . ശരീരത്തിലേക്ക് പകരുന്നൊരു ഊർജ്ജമുണ്ട് . രാവും പകലുമറിയാത്തൊരു ലഹരിയാണത് . വളവുകൾ കഴിഞ്ഞെത്തുന്ന നിരപ്പുകളിലെ ചെറിയ കൽപ്പടവുകളിലിരുന്ന് ദൂരങ്ങളും താണ്ടി വരുന്ന ലോറികളിലെ അമരക്കാരെ അസൂയയോടെ നോക്കിയിരുന്ന നോമ്പുകാലങ്ങളുണ്ട്. ഏതെല്ലാം ദേശങ്ങൾ താണ്ടിയാവണം അവയെല്ലാം കിതച്ചുകൊണ്ട് ചുരമിറങ്ങുന്നത് . സ്വപ്നങ്ങളെല്ലാം ഒരു ഭാണ്ഡത്തിൽ കെട്ടിപൊതിഞ്ഞു അതുപോലൊരു ലോറിയിലേക്ക് വലിച്ചെറിയണം ഒരിക്കൽ.
ചുരം കയറുന്ന സ്വപ്നങ്ങൾ .

നടന്നു തീർത്ത വഴികളിലൂടെ വീണ്ടും വീണ്ടും ഓർമ്മകളിലൂടെ തിരിഞ്ഞു നടക്കും . വഴിയമ്പലങ്ങളിൽ കിടന്നുറങ്ങും . പൊതിച്ചോറ് വാങ്ങി കഴിക്കും . പാറക്കെട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഉറവ് വെള്ളം ആർത്തിയോടെ കുടിക്കും . ഇടക്കെപ്പോഴോ കാട്ടിലോ മലയിലോ പെയ്യുന്ന മഴയെ ഏറ്റുവാങ്ങും. കോടമഞ്ഞിനിടയിൽ ഒളിച്ചു കളിക്കുന്ന സൂര്യനും ചന്ദ്രനും നിലാവും നക്ഷത്രങ്ങളും എന്‍റെ കൂട്ടുകാരാവും . വഴിയമ്പലങ്ങളിൽ ഇരുളിൽ നിന്നും കേൾക്കുന്ന ഈണമില്ലാത്ത നാടോടി ഗാനങ്ങളിലെ വിരഹവും സന്തോഷവും സന്താപവും ഏറ്റുവാങ്ങും . തട്ടുകടകളിലെ മണ്ണെണ്ണ അടുപ്പിന്‍റെ ചൂടിനോട്‌ചേർന്ന് നിൽക്കും . ഉണക്ക ചുള്ളികൾ പെറുക്കി കൂട്ടി തീ കായുമ്പോൾ ലോകം അവിടെ മാത്രമായിഒതുങ്ങും . പേരറിയാത്ത പൂക്കളോടും ചെടികളോടും സംസാരിക്കും . ലക്ഷ്യമില്ലാതെ നീണ്ടുപോകുന്നവനപാതകളും നാട്ടു വഴികളും . ഈറ്റക്കാടുകൾ വകഞ്ഞുമാറ്റി ആനച്ചൂര് മണക്കുന്ന കാട്ടുവഴികളിലൂടെ .ഒരു മലയണ്ണാൻ ഓടിയൊളിച്ചു . ദൂരെ ഒരു ഒറ്റയാന്റെ ചിന്നംവിളി.പക്ഷികളുടെ കലപില .കുരങ്ങന്മാരുടെ ഊഞ്ഞാലാട്ടം . പകച്ചുനോക്കുന്ന മാനുകൾ . കുതിച്ചുപായുന്ന മുയലുകൾ .

കണ്ണടച്ചിരുന്നു . മുന്നിലൊരു ലോകം തെളിയുന്നു . നീണ്ടുപോകുന്ന ഒറ്റയടിപാതകൾ പാതകൾ . പിന്നത് ചന്നിച്ചിതറി പോകുന്നു . പലവഴികൾ . ഓരോ വഴികളും ഓരോ സ്വപ്നലോകത്തേക്ക് . നമുക്ക് നടന്നു തീർക്കാനുള്ള വഴികളും കണ്ടു തീർക്കാനുള്ള കാഴ്ചകളുമാണത് . ഒരിക്കൽ കൂടി ചിത്രത്തിലേക്ക് നോക്കൂ .. യാത്രികന്റെ ആവേശം മഞ്ഞിന്റെ കുളിരും കടന്ന് സിരകളെ ചൂട് പിടിപ്പിക്കുന്നില്ലേ ? 

യാത്രകളിലെ മഞ്ഞുകാലം



ചില യാത്രകളിലെ മഞ്ഞുകാലം ഒരിക്കലും അവസാനിക്കില്ല . വർഷങ്ങൾ കഴിഞ്ഞാലും യാത്ര നൽകിയ ഓർമ്മകൾക്ക് മേലെ ആ മഞ്ഞുതുള്ളികൾ പെയ്തുകൊണ്ടേയിരിക്കും . പ്രണയത്തിന്റെ മണമാണ് മഞ്ഞുകാല യാത്രകൾക്ക് . വഴിയരികിലെ അക്കേഷ്യ മരങ്ങളിലെ ചില്ലകളിൽ നിന്നും വരുന്ന തണുത്തുറഞ്ഞ കിളിനാദങ്ങൾക്ക് ഒരു വിഷാദ ഗാനത്തിന്റെ ഈണമുണ്ട് . ഒറ്റക്കിരുന്ന് പാടുന്ന കിളികൾ .

മഞ്ഞിനൊപ്പം പൂത്ത അക്കേഷ്യയുടെ മാദകമായ മണം നിറഞ്ഞു നിൽക്കുന്ന കാട്ടുവഴികൾ . കാൽപനിക സ്വപ്നങ്ങളുടെ ഒരു കൊട്ടാരം തന്നെ പണിയാൻ ഈയൊരു നിമിഷങ്ങൾക്ക് പറ്റും . ഈ മഞ്ഞു വഴികൾ ഇഴഞ്ഞെത്തുന്നത് ഒരു ക്ഷേത്രത്തിലേക്കാണ് . 
അതിനപ്പുറം ദൈവം കയ്യൊപ്പിട്ട ഒരു പ്രകൃതി ഭംഗിയിലേക്ക് .

കാടൊരു പ്രണയിനി കൂടിയാണ്



തോന്നുന്നുണ്ടോ ഇതിനിടയിലൂടെ കയറി ഉള്ളിലോട്ട് പോകാൻ . ,?
ഭ്രാന്തമായ അഭിനിവേശം .
കാട് വേഴ്ച്ചക്ക് ക്ഷണിക്കുന്ന പോലെ .
ഭ്രമകൽപനയുടെ അങ്ങേയറ്റമാണത് .
വന്യമായ മദാലസഭാവം .
വിട്ടുപോരാൻ അനുവദിക്കാതെ വീണ്ടും വീണ്ടും ക്ഷണിക്കുന്ന ലാസ്യത.
കാടൊരു പ്രണയിനി കൂടിയാണ്

വാടിവയൽ



പുലർച്ചക്ക് എത്തിപ്പെടണം ഇതുപോലുള്ള ഗ്രാമങ്ങളിൽ . 
പക്ഷേ ഞങ്ങളെത്തിയപ്പോൾ ഉച്ചയായി . 
നിശബ്ദതയിലും വാചാലമാവുന്ന ഇടങ്ങൾ .
വിജനമായ വീഥികൾ . 
അടച്ചിട്ടൊരു കടയുടെ മുന്നിൽ പൊട്ടിപ്പൊളിഞ്ഞൊരു തിണ്ണയുണ്ട്.
ഇവിടിരുന്നാൽ ഗ്രാമം മുഴുവൻ കാണാം . പിന്നെ നീണ്ടുപോകുന്ന ഈ പാത അവസാനിക്കുന്നിടം വരേയും .
നിങ്ങൾക്കറിയോ .. എത്ര ദിവസം വേണമെങ്കിലും ഇതുപോലൊള്ള കാഴ്ചകളെ ഹൃദയത്തിലേറ്റി ഇവിടെയിങ്ങിനെ ഇരിക്കാം . അതൊരു ധ്യാനമാണ്. ഗ്രാമങ്ങൾക്ക് മാത്രം നൽകാൻ പറ്റുന്ന ഒന്ന് .
നിസ്വാർത്ഥരായ മനുഷ്യർ .
ആദ്യമായി കാണുന്നതാണെങ്കിലും ചിരപരിചിതരെ പോലെ തോന്നുന്ന മുഖങ്ങൾ .
വെറ്റിലക്കറയുള്ള ചിരി . ബീഡിയുടെ മണം. ഇനിയൊരിക്കലും കണ്ടില്ലെങ്കിലും ചില ചിരികളൊക്കെ നമ്മുടെ കൂടെ പോരും .
വഴിയമ്പലങ്ങളിൽ പുഞ്ചിരിക്കൊണ്ട് മനസ്സ് നിറച്ചവർ .
ജാതിയും മതവുമില്ല . ഒന്നേയുള്ളൂ . സ്നേഹം .
ഈ പാതകൾ നീളുന്നത് കോയമ്പത്തൂരിലേക്കാണ് . കുറേ ദൂരം വരേയും ഇരുവശവും കോളാമ്പി പൂക്കൾ കാണാം .
കോയമ്പത്തൂർ ശരവണ ഭവനിലെ കാച്ചിയ മോരും രസവും കൂട്ടി ഊണുകഴിച്ചിട്ട് ബാക്കി .
യാത്ര തുടരുന്നു .
ആ കടത്തിണ്ണയിൽ ഞാൻ മറന്നുവെച്ചു പോന്ന ഒന്നുണ്ട് . എന്റെ ഹൃദയം . 

ഓർമ്മപ്പെയ്ത്തുകൾ


മദ്രസ കഴിഞ്ഞാൽ രാത്രി ദർസ്സുണ്ട്‌. മൊഹിയുദ്ദീൻ മുസ്ലിയാരുടെ ദർസ്സിലെ ഏറ്റവും മണ്ടനായ കുട്ടി ഞാനായിരുന്നു. പത്ത്‌ കിത്താബ്‌ എല്ലാരും ഓതി തീർത്തിട്ടും നാലോ അഞ്ചോ പേജിനപ്പുറം എന്റെ വളർച്ച പോയില്ല. മരപ്പല പാകിയ പള്ളിയുടെ മുകളിലായിരുന്നു ദർസ്സ്‌.
ഇന്ന് ചെറുവാടി പള്ളിയിൽ ജുമാ കൂടുമ്പോൾ ഞാനാ പഴയ കാലമോർത്തു. ഉസ്താദ്‌ വരാൻ വൈകുമ്പോൾ ഞങ്ങളവിടെ ഓടികളിക്കും. താഴെ പള്ളിയിലിരിക്കുന്ന കാരണവന്മാർക്ക്‌ ദേഷ്യം വന്ന് മുകളിലെത്തി ശകാരിക്കും. അന്ന് വഴക്ക്‌ പറഞ്ഞിരുന്ന പലരും ഇന്നും മുന്നിലെ വരിയിലുണ്ട്‌. പക്ഷേ ഒരാൾ മാത്രമില്ല.
ഉപ്പ.
മഹാശിറുൽ മുസ്ലിമീന വറഹ്മത്തുമുള്ളാ..
ഇന്നെത്രതവണ കുത്തുബക്കിടയിൽ ഞാനുപ്പയെ തിരഞ്ഞുകാണും. അറിയില്ല.
ഒരൽപം ഭയം കലർന്ന ബഹുമാനത്തോടെ എന്റെ കണ്ണുകൾ ഉപ്പയെ പരതികൊണ്ടേയിരുന്നു.
ഒരു വയലിനപ്പുറം പുതിയോത്ത്‌ പള്ളിയിൽ ഉപ്പയുണ്ട്‌. ഖത്തീബിന്റെ കുത്തുബയും കേട്ട്‌ ആ ഖബർസ്സ്ഥാനിൽ ഉറങ്ങുന്നുണ്ട്‌. കണ്ണുകൾ നിറഞ്ഞു. ഒന്ന് പൊട്ടികരയണം എന്ന് തോന്നി. ആ നിയോഗം മഴ ഏറ്റെടുത്തു. എന്റെ കണ്ണീരായി മഴ ആർത്തലച്ചു പെയ്യുന്നത്‌ പള്ളിജാലകങ്ങൾക്കുള്ളിലൂടെ ഞാൻ നോക്കിയിരുന്നു.
ഇനി എഴുതുന്നില്ല. കണ്ണീരിനൊരു കടലാകാനേ പറ്റൂ. അക്ഷരമായി പെയ്യാനറിയില്ല.

ഉമ്മവിളക്ക്‌



\മാറ്റമൊന്നുമില്ല . കോലായിലെ ഉമ്മവിളക്ക്‌ അകത്തെ മുറിയിലേക്ക്‌ മാറി. പക്ഷേ അത്‌ പരത്തുന്ന പ്രകാശം കോലായിയും കടന്ന് തലമുറകളോളം പടരുന്നുണ്ട്‌. പണ്ട്‌ സ്കൂളവധികളിൽ ഓടികിതച്ചെത്തുന്ന ഉമ്മവീട്ടിലെ മടിത്തട്ടിലേക്ക്‌ ഇന്ന് ആണ്ടിലൊരിക്കലുള്ള എണ്ണിച്ചുട്ട അവധിയിലെ തിരക്കുകാരനായിപ്പോയല്ലോ ഞാൻ. 
പണ്ടത്തെപ്പോലെ കെട്ടിപ്പിടിക്കാൻ വല്യുമ്മയുടെ കൈകൾക്ക്‌ ഭാരമില്ല. പക്ഷേ ഇന്നും മായാത്ത മുഖത്തെ ആ പ്രകാശത്തിനുണ്ട്‌.
ആ വെറ്റിലച്ചെല്ലം ഇപ്പോഴില്ല. പക്ഷേ മുറുക്കിചുവപ്പിച്ച ചിരിയുണ്ട്‌. അതിൽ നിന്നൊരു തളിർ വെറ്റിലയെടുത്ത്‌ മുറുക്കുന്നത്‌ എന്റേയും ഇഷ്ടമായിരുന്നു. വാചാലമായ മൗനവുമായ നീണ്ടുനിവർന്നിരിക്കുന്നൊരു തറവാട്‌. ഓർമ്മച്ചെടികളിൾ കുറേ ഓർമ്മപ്പൂക്കൾ വിരിയുന്നുണ്ട്‌. ആ പൂക്കൾ പരത്തുന്ന സുഗന്ധമാവും ഇനിയൊരു അവധിക്കാലം വരേയുള്ള ഊർജ്ജം. ഒരു പ്രാർത്ഥനക്കൂടെ ഇവിടെ വെക്കുന്നു. ഞങ്ങളുടെ ഉമ്മവിളക്ക്‌ കെടാതെ കത്തണേ എന്ന് മാത്രം.

ചാലിയാർകാറ്റ്



വീണ്ടും വീണ്ടും ഒരു കടപ്പാട് പോലെ പടികടന്നു ചെല്ലുന്ന ചിലയിടങ്ങളുണ്ട് . നിങ്ങൾ കളിയാക്കുന്ന പോലെ ഒരു ചായയും കുടിച്ച് പൊടി തട്ടി ഇറങ്ങുന്ന ഒന്നല്ല എനിക്കത് . അവിടത്തെ ചായക്കാരനോ പരിസരമോ നമ്മളിൽ കൊളുത്തി ചേർക്കുന്ന പേരറിയാത്തൊരു ഒരാത്മബന്ധമുണ്ട് . വർഷങ്ങൾ കഴിഞ്ഞു ചെന്നാലും ഇന്നലെ ഇറങ്ങിപ്പോന്നത് പോലെ തോന്നുന്ന ഇടങ്ങൾ . പഞ്ചസാരക്കും പാലിനുമപ്പുറം ഒരു ചായയെ സ്നേഹം കൊണ്ട് രുചിയുള്ളതാക്കിയവർ .
കൊന്നാര് കടവിലെ ഈ ചായപ്പീടികയിൽ ഞാൻ പോയിട്ട് നാല് വർഷമായിരുന്നു . അന്നത് നടത്തിയിരുന്നത് ഇണ്ണിമോയി കാക്കയായിരുന്നു . ചൂട് ചായയും കുടിച്ചിരുന്നൊരു ഓഫീസ് സായാഹ്നത്തിൽ ചാറ്റ് ബോക്സിലൊരു മെസേജ് വന്നു . ഇണ്ണിമോയി കാക്ക മരിച്ചൂന്ന് . കയ്യിലെ ചായ തണുത്തുപോയി . എത്രയെത്ര വൈന്നേരങ്ങളിൽ ഈ കടവിലെ ഇതേ ബെഞ്ചിലിരുന്ന് ഇണ്ണിമോയി കാക്ക ഒഴിച്ച് തന്ന ചായ കുടിച്ചിരിക്കുന്നു .
നാല് വർഷത്തിന് ശേഷം വീണ്ടും അതേ കടയിലേക്ക് , ഒരു തേയ്മാനവും പറ്റാത്ത ആ ഒറ്റയടിപാതയിലൂടെ ഞങ്ങൾ നടന്നെത്തി . ഹാജിക്ക മുതൽ ഇണ്ണിമോയി കാക്ക വരേ ഈ മക്കാനിയിൽ ചൂട് ചായ പകർന്നവർ ചൂടുള്ള ഓർമ്മയായി മനസ്സിൽ തെളിഞ്ഞു . ഇപ്പോഴത് നടത്തുന്നത് അബോക്കറാണ് . ഇണ്ണിമോയികാക്കയുടെ മകൻ . നട്ടുച്ചക്ക് അടച്ച മക്കാനിയിലെ അടുപ്പ് വീണ്ടും ഊതിക്കത്തിച്ച് അബോക്കർ ഞങ്ങൾക്ക് ചായ തിളപ്പിച്ച് തന്നു . നാടൻ മൈസൂർ പാക്കും കടല ബിസ്കറ്റും എരിവുള്ള മിക്ച്ചറും വേറേ പ്ളേറ്റിൽ വന്നു . കഴിഞ്ഞ തവണ വന്നപ്പോൾ ഒഴിഞ്ഞ ഭരണികൾ നോക്കി " മിക്ച്ചർ മാത്രേള്ളൂ കുട്ട്യോളേ" എന്ന് പറഞ്ഞിരുന്നു ഇണ്ണിമോയികാക്ക . അബോക്കർ കൊണ്ടുവെച്ച മിക്ച്ചറിലെ കടലമണികൾ പെറുക്കി തിന്നുമ്പോൾ അതൊക്കെ മനസ്സിൽ തികട്ടി വന്നു . ഇവരൊക്കെ ജീവിതത്തിൽ നിന്നുമാത്രമേ അകലുന്നുള്ളൂ . പക്ഷേ അവരോടൊക്കെ സംസാരിച്ച ഏതാനും നിമിഷങ്ങൾ ഉണ്ടല്ലോ . ഒരുക്കൂട്ടി വെച്ച സ്നേഹത്തിന്റെ മുത്തുമണികൾ ആണതെല്ലാം .
തൊട്ടരികിൽ ചാലിയാർ നിശബ്ദമായി ഒഴുകുന്നു . ഹാജിക്കയെ , ഇണ്ണിമോയി കാക്കയെ അങ്ങിനെ തീരം നിറഞ്ഞുനിന്ന മുഖങ്ങളെ പെട്ടൊന്ന് കാണാതായപ്പോൾ പതറിപോയിരിക്കണം ചാലിയാറിലെ ഒഴുക്കും . ചാലിയാർകാറ്റ് ചിലപ്പോൾ ശോകത്തിന്റെ ഇശലുകളും മൂളാറുണ്ട് .

അവലാഞ്ചി



അവലാഞ്ചിയിലേക്കുള്ള വഴികൾ മനോഹരമാണ് . പൈൻ മരങ്ങളുടെ സമൃദ്ധി . 
കാടും കൃഷിയിടവും മാറിമാറി വരുന്നു .
പാതക്കൊരു വശം കാരറ്റ് , കാബേജ് കൃഷിയിടങ്ങൾ .
വഴിയരികിൽ വിൽക്കാൻ വെച്ചിരിക്കുന്ന ഇളം കാരറ്റുകൾ കടിച്ചു ചവക്കുന്ന രുചിയോർത്തു .
വണ്ടിയൊതുക്കി ഇറങ്ങിച്ചെന്നു 
ഒരു ജോലിക്കാരെയും അവിടെയെങ്ങും കണ്ടില്ല .
ഈ തണുത്ത പകലിൽ , തോട്ടത്തിൽ നിന്നുമൊരു കാരറ്റ് കഴിക്കുന്ന സുഖം ഇത്തവണ നടന്നില്ല .
കാടിന്റെ ഗന്ധം . അവലാഞ്ചി അടുക്കുംതോറും കാടിനും ഭംഗി കൂടുന്നു.
കാടുകൾ വലയം ചെയ്ത ഗ്രാമങ്ങൾക്കൊരു ദൈവികത തോന്നും . ഒരു ദർശനത്തിൽ തന്നെ ഞാൻ ഈ ചുറ്റുപാടുമായി പ്രണയത്തിലായി .
ഒരു ചാറ്റൽ മഴയിലൂടെ അവലാഞ്ചിയും പ്രണയമറിയിച്ചു .
ഉൾകാടുകളിലേക്കും തടാകത്തിലേക്കും വെള്ള ചാട്ടത്തിലേക്കും പോവേണ്ടവർക്ക് തമിഴ്‍നാട് വനം വകുപ്പിന്റെ ബസ്സിൽ മാത്രമേ പോവാൻ പറ്റൂ ,
കാടും കടന്നെത്തുന്ന തണുത്ത കാറ്റ് .
കാടും തണുപ്പും കാറ്റും ചാറ്റൽമഴയും ഒന്നിച്ചൊരു സിംഫണി ഒരുക്കുന്നു .
ആ സംഗീതം നമ്മളെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു .

മോയാർ



മസിനഗുഡീന്ന് കുറച്ച് പോയാൽ മതി . 
കാടിനെ പകുത്ത വഴിയിലൂടെ .
ഒരു ഭാഗത്ത് നിബിഢ വനം 
മറുവശത്ത് വേനൽ ഉദിച്ചപോലുള്ള കാട് 
പക്ഷേ ഏറ്റവും നിഗൂഢമായി തോന്നുന്നത് അതാണ് .
ഓരോ വളവുകളിലും പേടിപ്പിക്കുന്ന എന്തോ ഒന്നുള്ള പോലെ .
എല്ലാം കഴിഞ്ഞൊരു ശാന്തത .
അതാണ് മോയാർ .
സഞ്ചാരികളുടെ കുത്തൊഴുക്കില്ല . കച്ചവടക്കാരുടെ ബഹളവും ഇല്ല
റോഡിനിരുവശവും ഗുൽമോഹർ പൂത്തുനിൽക്കുന്നു .
അതിങ്ങനെ പ്രണയമായി പെയ്യുകയാണ് .
ഗുലാം അലിയും പങ്കജ് ഉദാസും മാറിമാറി കാതിൽ മൂളുന്ന ഗസലുകൾ നിങ്ങളുടെ പ്രണയ ചിന്തകളെ ഭരിക്കും
തികച്ചും ധ്യാനമൂകമായ അന്തരീക്ഷം .
കാറ്റ്‌ പോലും അനുവാദം ചോദിച്ചേ നിങ്ങളെ തൊടൂ .
പിന്നെ മനസ്സും ആ കാറ്റ് പോലെ ഭാരമില്ലാത്തതാവും .
മുന്നിലെ മായാർ പുഴയെ നോക്കി നിങ്ങളിരിക്കുന്ന ഓരോ നിമിഷവും പകരം വെക്കാനില്ലാത്ത അനുഭവമാണ് .
മനസ്സിൽ സംഗീതം നിറയും . രാഗവും താളവും നിറഞ്ഞവസാനം
നമ്മൾ തന്നെ സ്വയമൊരു ഗസലായി മാറും.

മഗ്‌രിബ്



ചുവന്ന ആകാശം . .
ഹജർ മലനിരകളിലും ആ ചുവപ്പ് പരന്നിട്ടുണ്ട് .
ഉണങ്ങി കിടക്കുന്ന ഒരു കള്ളിമുൾ ചെടിയിലും ആ ചുവപ്പ് തിളക്കമേകുന്നു .
ഇപ്പോൾ മഗ്‌രിബാകും .
ഇതുവഴി കടന്നു പോകുന്ന ഏതെങ്കിലുമൊരു യാത്രക്കാരനോ പരിസര വാസിയോ ബാങ്ക് വിളിക്കും .
ഹജർ മലനിരകളിൽ തൊട്ട് ആ ബാങ്കൊലി തിരിച്ചു വരും .
ഒമാൻ യാത്രകളിൽ അന്തിച്ചോപ്പ് അടുക്കുന്ന സമയത്ത് പലതവണ എത്തിപ്പെട്ടിട്ടുണ്ട് ഇവിടെ .
ആ സമയങ്ങളിൽ ഈ പള്ളിയും മലകളും നിരത്തും നോക്കിയിരിക്കുമ്പോൾ മനസ്സിലൂടെ കടന്നുപോകുന്ന ചില വികാരങ്ങളുണ്ട് . പേരിട്ട് വിളിക്കാൻ പറ്റാത്തത് . അല്ലെങ്കിൽ ഒരു പേരിനും പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്തത് .
ചരിത്രത്തെ ഓർമ്മയിലൂടെ വായിപ്പിക്കാൻ പറ്റും ഈ അന്തരീക്ഷത്തിന്.
മരുഭൂമി . യാത്ര . യുദ്ധം , അതിജീവനം അങ്ങനെയങ്ങിനെ .
അള്ളാഹു അക്ബർ ..അള്ളാഹു അക്ബർ...
ഒരു പാകിസ്ഥാനി ബാങ്ക് വിളിച്ചു തുടങ്ങി .
"മഗ്‌രിബ് " .
എനിക്കിഷ്ടപ്പെട്ടൊരു പേരാണത് .<3

ഇളനീർ മധുരമുള്ള ബന്ധങ്ങൾ



നാട്ടിൽ തെക്കും വടക്കും നടന്നിരുന്ന ചങ്ങാതിമാർ ഗുണ്ടൽ പേട്ടയിൽ ഭൂമി പാട്ടത്തിനെടുത്ത്‌ കരിമ്പ്‌ കൃഷി തുടങ്ങിയ കാലത്താണ് കുഷണ്ണനെ പരിചയപ്പെടുന്നത് . ഞങ്ങളുടെ കന്നഡ സംസാരം കേട്ട് ചങ്ക് പൊട്ടി ഗതികേട് കൊണ്ട് മലയാളം പഠിക്കേണ്ടി വന്ന നിർഭാഗ്യവാനാണ് കുഷണ്ണൻ . ഗൌഡയും ചേർത്തൊരു പേരാണ് പുള്ളിക്കെങ്കിലും അതിൽ മനസ്സിലായ ഒരു ഭാഗവും കൂടെ അണ്ണനും ചേർത്ത് ഞങ്ങളയാളെ കുഷണ്ണൻ എന്ന് വിളിച്ചു . 

ചില്ലറ മൊതലൊന്നുമല്ല .കലിഗോധന ഹള്ളി എന്ന ഗ്രാമത്തിലെ നല്ലൊരു വീതം കൃഷിയിടവും കുഷണ്ണന്‍റെ സ്വന്തമാണ് . പുള്ളിയുടെ ഔദാര്യത്തിൽ ആ ഗ്രാമത്തിലെ ഭൂരിഭാഗം ആൾക്കാരുമായും പേരെടുത്ത് വിളിക്കാവുന്നൊരു സുഹൃദം ഞങ്ങളുണ്ടാക്കിയിട്ടുണ്ട് .

ആരുടെയൊക്കെയൊ പുണ്യം കൊണ്ട് കൊല്ലം രണ്ട് കഴിഞ്ഞപ്പോഴേക്കും കരിമ്പ് കൃഷിയൊക്കെ പൊളിഞ്ഞ് കുത്തുപാളയെടുത്ത ചങ്ങാതിമാർ അവസാന കൈക്ക് ബീട്ട് റൂട്ടും സൂര്യകാന്തിയും കൃഷി ചെയ്തു. കിലോക്ക് പത്ത് രൂപയുണ്ടായിരുന്ന ബീട്ട്റൂട്ടിന്‍റെ വില വിളവെടുപ്പായപ്പോൾ കിലോക്ക് ഒന്നര രൂപയിൽ വന്നു നിന്നു . അതോടെ വലിയൊരു കാര്യം ചെയ്ത സന്തോഷത്തോടെ അവർ ചുരമിറങ്ങി .

പക്ഷേ ബന്ധങ്ങൾ ബാക്കി വെച്ചിട്ടാണ് അവർ തിരിച്ചു പോന്നത് . ആണ്ടറുതിയിൽ നാട്ടിലെത്തുന്ന ഞാൻ ഇവരെയൊക്കെ കാണാനായി നാടുകാണി ചുരം കയറുന്നത് പതിവാക്കി . കുഷണ്ണന്‍റെ പാടത്തെ തെങ്ങുകൾ ഞങ്ങൾക്കായി മാത്രം കായ്ച്ചു . ഞങ്ങളല്ലാതെ അതിനാവശ്യക്കാരായി വേറെയാരും ഇല്ലായിരുന്നു. ഇളനീരും കാമ്പും കഴിച്ച് ക്ഷീണിച്ച് പാടവക്കിൽ തന്നെ വിശ്രമിക്കും . കരിമ്പ് ചവച്ച് പാടത്തൂടെ കഴുതരാഗവും പാടി നടക്കും . തിരിച്ചു പോരുമ്പോൾ വണ്ടിയുടെ ഡിക്കി നിറയെ നമ്മളറിയാതെ നിറച്ച ഇളനീരും കരിമ്പും പച്ചക്കറികളും കാണും . വേണ്ടെന്ന് പറയാൻ പാടില്ല . അതവരുടെ അവകാശമാണ് .

ഓരോ അവധിക്കാലത്തും നേർച്ച പോലെ നാടുകാണി ചുരം കയറി ഇവിടെയെത്തുന്നത് ഇളനീർ കുടിക്കാൻ മാത്രമല്ല . ഇളനീർ വെട്ടി , അതിന്‍റെ കാമ്പും ചൂഴ്ന്നു തന്ന് ഇനിയും വേണോ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന ഈ കൈകളുടെ സ്നേഹം കൂടി അനുഭവിക്കാനാണ് . ചില ബന്ധങ്ങൾ അങ്ങിനെയാണ് . അതെപ്പോഴും മധുരിച്ചുകൊണ്ടേയിരിക്കും . ഇളനീർ പോലെ . <3

ബാവലി


അതിർത്തി ഗ്രാമങ്ങളിലെ അന്തരീക്ഷം എപ്പോഴും പ്രസന്നമായിരിക്കും . യാത്രകളിലെ ഇടത്താവളങ്ങൾ . ബാവലിയിലെത്തുമ്പോൾ നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ. കേരളം കർണാടക അതിർത്തി ഗ്രാമം എന്നത് മാത്രമായല്ല ബാവലിയുടെ പ്രസക്തി . പഴശ്ശിക്കാലത്തോളം ചെന്നെത്തുന്ന ഒരു ചരിത്രവും അതിനുണ്ട് .ഈ ചെറിയ ഗ്രാമം മുഴുവൻ തണൽ വിരിച്ചു നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിൽ നിന്നാൽ ഒരു നിമിഷം സ്വയം മറന്നുപോകും . എത്രയെത്ര സഞ്ചാരികളുടെ സ്വപ്നങ്ങൾക്ക് മേലെ നിഴൽ വിരിച്ചു നിന്നിട്ടുണ്ടാവണം ഈ മരം.
പഴശ്ശി പട്ടാളവും ബ്രിട്ടീഷുകാരും ഇവിടെ വെച്ച് ഏറ്റുമുട്ടിയിരുന്നു എന്ന് പറയുന്നുണ്ട് . ചിന്തകൾ ആ കുതിരക്കുളമ്പടിയോളം ചെന്നെത്തിയെന്ന് വരും .കാലങ്ങൾ കടന്നാലും ഓർമ്മകൾ ബാക്കി വെക്കാൻ കഴിയുന്ന ചില സ്ഥലങ്ങളുണ്ട് . ബാവലിയിൽ തേടിയതും അതൊക്കെ തന്നെയായിരുന്നു . മൂന്നു ഭാഗവും കാടതിർത്തിയായ ബാവലിയുടെ ഉള്ളിലേക്ക് കയറിയാൽ പഴശ്ശിപോരാളികളുടെ വിയർപ്പിന്റെ ഗന്ധം ബാക്കിയുണ്ടാവുമോ അവിടെ . അല്ലെങ്കിൽ മരമുകളിൽ നിന്നും ചീറിപാഞ്ഞുവരുന്നൊരു അസ്ത്രം .
സമയം കുറവാണ് . ഇതൊരു ഇടത്താവളം മാത്രം . കാലങ്ങൾക്കപ്പുറത്ത് പഴശ്ശിരാജ്യത്തിൽ മേഞ്ഞു നടന്നിരുന്ന മനസ്സിനെ തിരിച്ചു വിളിച്ചു . . അടുത്ത തവണ വരുമ്പോൾ ബാവലി പുഴയുടെ തീരങ്ങളിലൂടെ നടക്കണം . പുഴയിൽ നിന്നും കാട്ടിലേക്കുള്ള വഴിയിലൂടെ നടന്ന് ഒരു പഴശ്ശിക്കാലത്തോളം ദൂരമെത്തണം..