Showing posts with label ഓർമ്മ. Show all posts
Showing posts with label ഓർമ്മ. Show all posts

Saturday, September 24, 2016

വല്യുപ്പ


പള്ളികളിൽ നിന്നും ഓരോ ബാങ്ക് വിളി കേൾക്കുമ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്ന ചിലരുണ്ട് . താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും ആദ്യം വരുന്നത് . ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്‌. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്. മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത്‌ . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍ മിഠായികള്‍ക്കുള്ളതാണ് അത് .

ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത്‌ റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവുമുണ്ട് . ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്‌. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക്.

വീട്ടിലേക്കുള്ള വഴി



വീണും എണീറ്റും നടന്നു പഠിച്ച വഴികൾ . 
വീട്ടിലേക്കുള്ള വഴി . 
പച്ചയുടെ മണമാണ് നിറയെ .
ഒരു ഓർമ്മപ്പെടുത്തൽ പോലെ കമ്മ്യൂണിസ്റ്റ് അപ്പ കണ്ടു . 
ഇപ്പോൾ കാണാറേ ഇല്ല .
അതിന്‍റെ തൂമ്പ് നുള്ളി കൈവെള്ള ചുവപ്പിച്ചു .
ബാല്യത്തിന്‍റെ നിറം .
ഇലകൾ പറിച്ച് മണത്തു .
ബാല്യത്തിന്‍റെ മണം .
ഒരു പേരക്ക മാത്രം കിളി കൊത്താതെ
ബാല്യത്തിന്‍റെ രുചി .
ഒരു ഓലഞ്ഞാലി ചിലച്ചുകൊണ്ട് പാറി .

വഴിയുടെ അറ്റം ഇടവഴിയാണ്. വർഷക്കാലത്ത് കുത്തിയൊലിച്ചു പോകുന്ന മഴവെള്ളം . അതിലൊഴുക്കി വിടുന്ന കളിത്തോണികൾ .
ഒരു തോണി പോലും നേരെ ഒഴുകിയില്ല . മഴത്തുള്ളികൾ അവയെ മത്സരിച്ചു മുക്കി . നോട്ട്ബുക്കിലെ പേജുകൾക്ക് കനം കുറഞ്ഞു വന്നു. കുറേ കാലവും കൂടെ ഒഴുകിപ്പോയി .
ഫോട്ടോയിലേക്ക് നോക്കിയിരിക്കുമ്പോൾ വീണ്ടുമൊരു മഴ പെയ്യുന്നു. ഒരു മഴയിലും തകരാതെ കുറേ ഓർമ്മകളും പേറി ഒരു കടലാസ് തോണി വർഷങ്ങൾക്കപ്പുറത്തേക്ക് ഒഴുകുന്നു .
ഒഴുകിയൊഴുകി അത് ഓർമ്മകളുടെ മറുവശത്തെത്തുമ്പോൾ
കയ്യിലൊരു ആഴ്ച്ചപതിപ്പും പിടിച്ച് ഉപ്പ നടന്നു വരുന്നത് കാണാം. അതിനുള്ളിൽ മധുരമുള്ളൊരു കഥ പോലെ ചെറിയൊരു പൊതി കാണും . പോപ്പിൻസ്‌ മിഠായി . ഒരു ആഴ്ച്ചപതിപ്പിനുള്ളിലും പോപ്പിൻസിനോളം രുചിയുള്ളൊരു കഥ ഞാൻ വായിച്ചിട്ടില്ല . ഒരു ആഴ്ച്ചപതിപ്പിനും അതിനോളം മനോഹരമായ ഒരു കവർ ചിത്രം ഞാൻ കണ്ടിട്ടില്ല . ആ വരവിനേക്കാളും സന്തോഷം നൽകുന്ന വേറൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല . ഇന്നും ഉപ്പയുടെ ഗന്ധമാണ് ആഴ്ച്ചപതിപ്പുകൾക്ക് .
വഴികൾ ശൂന്യമാകുന്നത്‌ ചിത്രങ്ങളിലാണ് . വഴിക്കണ്ണുകളിളല്ല .
പെയ്യുമെന്ന് മോഹിപ്പിച്ച മഴ മേഘങ്ങൾ ഇന്നും പെയ്തില്ല . പക്ഷേ മനസ്സിൽ പെയ്തു . ഈ വഴികളിലും പെയ്തു .

ഓർമ്മപ്പെയ്ത്തുകൾ


മദ്രസ കഴിഞ്ഞാൽ രാത്രി ദർസ്സുണ്ട്‌. മൊഹിയുദ്ദീൻ മുസ്ലിയാരുടെ ദർസ്സിലെ ഏറ്റവും മണ്ടനായ കുട്ടി ഞാനായിരുന്നു. പത്ത്‌ കിത്താബ്‌ എല്ലാരും ഓതി തീർത്തിട്ടും നാലോ അഞ്ചോ പേജിനപ്പുറം എന്റെ വളർച്ച പോയില്ല. മരപ്പല പാകിയ പള്ളിയുടെ മുകളിലായിരുന്നു ദർസ്സ്‌.
ഇന്ന് ചെറുവാടി പള്ളിയിൽ ജുമാ കൂടുമ്പോൾ ഞാനാ പഴയ കാലമോർത്തു. ഉസ്താദ്‌ വരാൻ വൈകുമ്പോൾ ഞങ്ങളവിടെ ഓടികളിക്കും. താഴെ പള്ളിയിലിരിക്കുന്ന കാരണവന്മാർക്ക്‌ ദേഷ്യം വന്ന് മുകളിലെത്തി ശകാരിക്കും. അന്ന് വഴക്ക്‌ പറഞ്ഞിരുന്ന പലരും ഇന്നും മുന്നിലെ വരിയിലുണ്ട്‌. പക്ഷേ ഒരാൾ മാത്രമില്ല.
ഉപ്പ.
മഹാശിറുൽ മുസ്ലിമീന വറഹ്മത്തുമുള്ളാ..
ഇന്നെത്രതവണ കുത്തുബക്കിടയിൽ ഞാനുപ്പയെ തിരഞ്ഞുകാണും. അറിയില്ല.
ഒരൽപം ഭയം കലർന്ന ബഹുമാനത്തോടെ എന്റെ കണ്ണുകൾ ഉപ്പയെ പരതികൊണ്ടേയിരുന്നു.
ഒരു വയലിനപ്പുറം പുതിയോത്ത്‌ പള്ളിയിൽ ഉപ്പയുണ്ട്‌. ഖത്തീബിന്റെ കുത്തുബയും കേട്ട്‌ ആ ഖബർസ്സ്ഥാനിൽ ഉറങ്ങുന്നുണ്ട്‌. കണ്ണുകൾ നിറഞ്ഞു. ഒന്ന് പൊട്ടികരയണം എന്ന് തോന്നി. ആ നിയോഗം മഴ ഏറ്റെടുത്തു. എന്റെ കണ്ണീരായി മഴ ആർത്തലച്ചു പെയ്യുന്നത്‌ പള്ളിജാലകങ്ങൾക്കുള്ളിലൂടെ ഞാൻ നോക്കിയിരുന്നു.
ഇനി എഴുതുന്നില്ല. കണ്ണീരിനൊരു കടലാകാനേ പറ്റൂ. അക്ഷരമായി പെയ്യാനറിയില്ല.

ഉമ്മവിളക്ക്‌



\മാറ്റമൊന്നുമില്ല . കോലായിലെ ഉമ്മവിളക്ക്‌ അകത്തെ മുറിയിലേക്ക്‌ മാറി. പക്ഷേ അത്‌ പരത്തുന്ന പ്രകാശം കോലായിയും കടന്ന് തലമുറകളോളം പടരുന്നുണ്ട്‌. പണ്ട്‌ സ്കൂളവധികളിൽ ഓടികിതച്ചെത്തുന്ന ഉമ്മവീട്ടിലെ മടിത്തട്ടിലേക്ക്‌ ഇന്ന് ആണ്ടിലൊരിക്കലുള്ള എണ്ണിച്ചുട്ട അവധിയിലെ തിരക്കുകാരനായിപ്പോയല്ലോ ഞാൻ. 
പണ്ടത്തെപ്പോലെ കെട്ടിപ്പിടിക്കാൻ വല്യുമ്മയുടെ കൈകൾക്ക്‌ ഭാരമില്ല. പക്ഷേ ഇന്നും മായാത്ത മുഖത്തെ ആ പ്രകാശത്തിനുണ്ട്‌.
ആ വെറ്റിലച്ചെല്ലം ഇപ്പോഴില്ല. പക്ഷേ മുറുക്കിചുവപ്പിച്ച ചിരിയുണ്ട്‌. അതിൽ നിന്നൊരു തളിർ വെറ്റിലയെടുത്ത്‌ മുറുക്കുന്നത്‌ എന്റേയും ഇഷ്ടമായിരുന്നു. വാചാലമായ മൗനവുമായ നീണ്ടുനിവർന്നിരിക്കുന്നൊരു തറവാട്‌. ഓർമ്മച്ചെടികളിൾ കുറേ ഓർമ്മപ്പൂക്കൾ വിരിയുന്നുണ്ട്‌. ആ പൂക്കൾ പരത്തുന്ന സുഗന്ധമാവും ഇനിയൊരു അവധിക്കാലം വരേയുള്ള ഊർജ്ജം. ഒരു പ്രാർത്ഥനക്കൂടെ ഇവിടെ വെക്കുന്നു. ഞങ്ങളുടെ ഉമ്മവിളക്ക്‌ കെടാതെ കത്തണേ എന്ന് മാത്രം.

ചാലിയാർകാറ്റ്



വീണ്ടും വീണ്ടും ഒരു കടപ്പാട് പോലെ പടികടന്നു ചെല്ലുന്ന ചിലയിടങ്ങളുണ്ട് . നിങ്ങൾ കളിയാക്കുന്ന പോലെ ഒരു ചായയും കുടിച്ച് പൊടി തട്ടി ഇറങ്ങുന്ന ഒന്നല്ല എനിക്കത് . അവിടത്തെ ചായക്കാരനോ പരിസരമോ നമ്മളിൽ കൊളുത്തി ചേർക്കുന്ന പേരറിയാത്തൊരു ഒരാത്മബന്ധമുണ്ട് . വർഷങ്ങൾ കഴിഞ്ഞു ചെന്നാലും ഇന്നലെ ഇറങ്ങിപ്പോന്നത് പോലെ തോന്നുന്ന ഇടങ്ങൾ . പഞ്ചസാരക്കും പാലിനുമപ്പുറം ഒരു ചായയെ സ്നേഹം കൊണ്ട് രുചിയുള്ളതാക്കിയവർ .
കൊന്നാര് കടവിലെ ഈ ചായപ്പീടികയിൽ ഞാൻ പോയിട്ട് നാല് വർഷമായിരുന്നു . അന്നത് നടത്തിയിരുന്നത് ഇണ്ണിമോയി കാക്കയായിരുന്നു . ചൂട് ചായയും കുടിച്ചിരുന്നൊരു ഓഫീസ് സായാഹ്നത്തിൽ ചാറ്റ് ബോക്സിലൊരു മെസേജ് വന്നു . ഇണ്ണിമോയി കാക്ക മരിച്ചൂന്ന് . കയ്യിലെ ചായ തണുത്തുപോയി . എത്രയെത്ര വൈന്നേരങ്ങളിൽ ഈ കടവിലെ ഇതേ ബെഞ്ചിലിരുന്ന് ഇണ്ണിമോയി കാക്ക ഒഴിച്ച് തന്ന ചായ കുടിച്ചിരിക്കുന്നു .
നാല് വർഷത്തിന് ശേഷം വീണ്ടും അതേ കടയിലേക്ക് , ഒരു തേയ്മാനവും പറ്റാത്ത ആ ഒറ്റയടിപാതയിലൂടെ ഞങ്ങൾ നടന്നെത്തി . ഹാജിക്ക മുതൽ ഇണ്ണിമോയി കാക്ക വരേ ഈ മക്കാനിയിൽ ചൂട് ചായ പകർന്നവർ ചൂടുള്ള ഓർമ്മയായി മനസ്സിൽ തെളിഞ്ഞു . ഇപ്പോഴത് നടത്തുന്നത് അബോക്കറാണ് . ഇണ്ണിമോയികാക്കയുടെ മകൻ . നട്ടുച്ചക്ക് അടച്ച മക്കാനിയിലെ അടുപ്പ് വീണ്ടും ഊതിക്കത്തിച്ച് അബോക്കർ ഞങ്ങൾക്ക് ചായ തിളപ്പിച്ച് തന്നു . നാടൻ മൈസൂർ പാക്കും കടല ബിസ്കറ്റും എരിവുള്ള മിക്ച്ചറും വേറേ പ്ളേറ്റിൽ വന്നു . കഴിഞ്ഞ തവണ വന്നപ്പോൾ ഒഴിഞ്ഞ ഭരണികൾ നോക്കി " മിക്ച്ചർ മാത്രേള്ളൂ കുട്ട്യോളേ" എന്ന് പറഞ്ഞിരുന്നു ഇണ്ണിമോയികാക്ക . അബോക്കർ കൊണ്ടുവെച്ച മിക്ച്ചറിലെ കടലമണികൾ പെറുക്കി തിന്നുമ്പോൾ അതൊക്കെ മനസ്സിൽ തികട്ടി വന്നു . ഇവരൊക്കെ ജീവിതത്തിൽ നിന്നുമാത്രമേ അകലുന്നുള്ളൂ . പക്ഷേ അവരോടൊക്കെ സംസാരിച്ച ഏതാനും നിമിഷങ്ങൾ ഉണ്ടല്ലോ . ഒരുക്കൂട്ടി വെച്ച സ്നേഹത്തിന്റെ മുത്തുമണികൾ ആണതെല്ലാം .
തൊട്ടരികിൽ ചാലിയാർ നിശബ്ദമായി ഒഴുകുന്നു . ഹാജിക്കയെ , ഇണ്ണിമോയി കാക്കയെ അങ്ങിനെ തീരം നിറഞ്ഞുനിന്ന മുഖങ്ങളെ പെട്ടൊന്ന് കാണാതായപ്പോൾ പതറിപോയിരിക്കണം ചാലിയാറിലെ ഒഴുക്കും . ചാലിയാർകാറ്റ് ചിലപ്പോൾ ശോകത്തിന്റെ ഇശലുകളും മൂളാറുണ്ട് .